വനിത ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍

Updated: May 16, 2017, 07:48 PM IST
വനിത ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍

വ​നി​താ ക്രി​ക്ക​റ്റി​ല്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ദീപ്തി ശര്‍മയും പൂനം റാവുത്തും ചരിത്രം കുറിച്ചു. ചതുര്‍ രാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ 320 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇവര്‍ ചരിത്രത്തിന്‍റെ ഭാഗമായത്. ഇതാദ്യമായണ് ഒരു കൂട്ടുകെട്ട് മുന്നൂറിലധികം റണ്‍സ് നേടുന്നത്.

ഇരുവരും സെഞ്ചുറികുറിച്ചു. ദീപ്തി 160 പന്തില്‍ 27 ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ 188 റണ്‍സ് നേടി. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ ഏകദിന ബാറ്റിങ് പ്രകടനമാണ് ദീപ്തിയുടേത്. 1997 ല്‍ ഓസ്‌ട്രേലിയയുടെ ബെലിന്ദ ക്ലാര്‍ക്ക് ഡെന്‍മാര്‍ക്കിനെതിരെ നേടിയ 229 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.പൂനം 116 പന്തില്‍ പതിനൊന്ന് ഫോര്‍ അടക്കം 109 റണ്‍സ് എടുത്തു.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 358 റ​ണ്‍സെടുത്തു. ഇന്ത്യയുടെ ഏറ്റവും വലിയ ടീം ടോട്ടലാണിത്. 2004ൽ വെസ്റ്റിൻഡീസിനെതിരെയെടുത്ത 298 റൺസ് ഇതോടെ രണ്ടാമതായി. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 40 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി.