IPL 2018: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

  

Last Updated : May 12, 2018, 03:42 PM IST
 IPL 2018: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ബംഗളൂരു: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. പഞ്ചാബ് വൈകിട്ട് നാലിന് കൊൽക്കത്തയെയും ബാംഗ്ലൂർ രാത്രി എട്ടിന് ഡല്ഹിയെയും നേരിടും. ആറ് തോൽവിയും അഞ്ച് ജയവുമാണ്‌ കൊല്‍ക്കത്തയ്ക്കുള്ളത്. ഇനിയൊരു തോൽവികൂടി നേരിട്ടാൽ പ്ലേ ഓഫ് സ്വപ്നം വീണുടയും. ആറ് ജയവും നാല് തോൽവിയുമായി 12 പോയിന്‍റുള്ള പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ പോരാട്ടം നിർണായകം. 

മുൻനിരതാരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് കൊൽക്കത്തയുടെ ആശങ്ക. കെ എൽ രാഹുൽ, ക്രിസ് ഗെയ്ൽ, കരുൺ നായർ എന്നിവർ റൺകണ്ടെത്തിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാവും. ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയത് 22 കളിയിൽ എട്ടിൽ പഞ്ചാബും 14ൽ കൊൽക്കത്തയും ജയിച്ചു.  

പത്ത് കളിയിൽ ഏഴിലും തോറ്റ ബാംഗ്ലൂർ ഭാഗ്യ പരീക്ഷണത്തിനാണ് ഇറങ്ങുന്നത്. ശേഷിക്കുന്ന നാല് കളിയും ജയിക്കുകയും, കൊൽക്കത്ത, പഞ്ചാബ്, മുംബൈ ടീമുകളുടെ മത്സരം ഫലം മാറിമറിയുകയും ചെയ്താൽ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താൻ നേരിയ സാധ്യതയുണ്ട്. കോലി, ഡിവിലിയേഴ്സ്, മക്കല്ലം തുടങ്ങിയ വന്‍പൻതാരങ്ങൾ ഉണ്ടായിട്ടും ഇതുവരെ താളംകണ്ടെത്താനാവാത്ത ടീമാണ് ബാംഗ്ലൂർ. ബൗളർമാരുടെ പ്രകടനവും ആശാവഹമല്ല. 

എട്ടാം തോൽവിയോടെ സാധ്യതകളെല്ലാം അടഞ്ഞ ഡൽഹിക്ക് ഇനിയെല്ലാം അഭിമാനപ്പോരാട്ടം. ഋഷഭ് പന്തിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 187 റൺസെടുത്തിട്ടും ഹൈദരാബാദിനോട് തോറ്റതോടെയാണ് ഡൽഹിയുടെ വഴിയടഞ്ഞത്. 

Trending News