കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു കളിയ്ക്ക് മാറ്റമില്ലെന്ന് അധികൃതര്‍

  

Last Updated : Dec 14, 2017, 10:49 AM IST
കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു കളിയ്ക്ക് മാറ്റമില്ലെന്ന് അധികൃതര്‍

കൊച്ചി: ഡിസംബര്‍ 31 ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന് മാറ്റമില്ല. മത്സരം 31 ന് തന്നെ നടക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു.കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ് ഡിസംബര്‍ 31 ന് കൊച്ചിയിലെ മൈതാനത്ത് പോരാടുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കു ശേഷം മത്സരം നടത്താന്‍ ഐ.എസ്.എല്‍. അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

പുതുവത്സരം പ്രമാണിച്ചു നഗരത്തില്‍ തിരക്ക് നിയന്ത്രണാതീതമാവുമെന്നും, അതിനാല്‍ അന്നേ ദിവസം സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കുന്നത് അപ്രായോഗികമാണെന്നുമാണ് പൊലീസ് പറഞ്ഞിരുന്നു.  ശബരിമല ഡ്യൂട്ടിക്കും പോലീസിനെ വിന്യസിക്കേണ്ടതിനാല്‍ ഐ.എസ്.എല്ലിന് കൂടുതല്‍ പോലീസിനെ നല്‍കുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു അവരുടെ  നിലപാട്.  എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മത്സരക്രമം മാറ്റാനാകില്ലെന്ന് ഐ.എസ്.എല്‍. സംഘാടകര്‍ പോലീസിനെ അറിയിച്ചു.  കൊച്ചിയിലെ മറ്റ് ഐ.എസ്.എല്‍. മത്സരങ്ങളെല്ലാം രാത്രി എട്ടിനാണെങ്കിലും ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരം 5.30-നാണ് തുടങ്ങുന്നത്. മത്സരം അവസാനിച്ച് ഏഴരയോടെ കാണികള്‍ സ്റ്റേഡിയം വിട്ടുപോകുമെന്നതിനാല്‍ രാത്രി വൈകിയുള്ള സുരക്ഷ വേണ്ടിവരില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. 

ഈ മാസം 21 ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സര ശേഷം 30 വരെ ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങളില്ല. എന്നാല്‍ പുതുവര്‍ഷത്തില്‍ ആദ്യ ആഴ്ച്ച തന്നെ ബ്ലാസ്റ്റേഴ്‌സ് -പുണെ സിറ്റി ഏറ്റുമുട്ടും.  അതിനിടെ കൊല്‍ക്കത്ത ഡെര്‍ബിയും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.  ഐ ലീഗില്‍ ജനുവരി 13ന് നടക്കേണ്ട മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. മത്സരം ഒരാഴ്ച്ച മുമ്പ് നടത്താനാണ് പോലീസിന്‍റെ ആവശ്യം. ഡിസംബര്‍ മൂന്നിലെ ആദ്യ കൊല്‍ക്കത്ത ഡര്‍ബിയില്‍ 50,000ത്തിലധികം കാണികള്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ അടുത്ത മത്സരം വൈകുന്നേരം 5.30നായതിനാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Trending News