ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്കു ജയം

  

Updated: Jan 12, 2018, 01:09 PM IST
ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്കു ജയം

മഡ്ഗാവ്: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്കു ജയം. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ലാന്‍സറോട്ടയുടെ ഇരട്ട ഗോളുകളാണ് എഫ്‌സി ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ പതിനാറു പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോവ.

അതേസമയം തോല്‍വിയോടെ ഏഴാം സ്ഥാനത്ത് തന്നെ ജംഷഡ്പൂര്‍ തുടരും. നിലവില്‍ 12 പോയന്റുമായി ആറാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഗോവയുടെ ജയം ബ്ലാസ്‌റ്റേഴ്‌സിന് നിരാശയുണ്ടാക്കിയെങ്കിലും ജംഷഡ്പൂരിന്‍റെ തോല്‍വി കേരളത്തിന് ആശ്വാസമായി. ജംഷഡ്പൂര്‍ ജയിച്ചിരുന്നെങ്കില്‍ 13 പോയിന്റുമായി കേരളത്തെ മറികടന്ന് ആറാംസ്ഥാനത്തേക്ക് അവര്‍ എത്തിയേനെ. കേരളത്തെ സംബന്ധിച്ച് ജംഷഡ്പൂര്‍ തോറ്റത് നന്നായെങ്കിലും ഇരുടീമും സമനിലയില്‍ പിരിയുന്നതായിരുന്നു നല്ലത്.

പ്ലേഓഫിലേക്ക് കേരളത്തിന് കൂടുതല്‍ വെല്ലുവിളികളാണ് ഗോവ-ജംഷഡ്പൂര്‍ മത്സരത്തോടെ സംജാതമായിരിക്കുന്നത്. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം നേടിയ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ എട്ടാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍റെ പിന്‍വാങ്ങലിന് ശേഷം സ്ഥാനമേറ്റ ഡേവിഡ് ജെയിംസിന്‍റെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ജെയിംസ് കോച്ചായി സ്ഥാനമേറ്റ ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യമത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.