ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം: ഹ്യൂമിന് ഹാട്രിക്

  

Updated: Jan 11, 2018, 10:29 AM IST
ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം: ഹ്യൂമിന് ഹാട്രിക്
Courtesy: @ISL

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തണുപ്പില്‍ നടന്ന ചൂടന്‍ പോരാട്ടത്തില്‍ ഇയാന്‍ ഹ്യൂം നിറഞ്ഞാടിയപ്പോള്‍ ഈ സീസണിലെ രണ്ടാമത്തെ ജയം നേടിയ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. 

ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടിയ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോള്‍ നേടിയാണ്‌ വിജയിച്ചത്. ഡല്‍ഹിയുടെ നായകന്‍ പ്രീതം കോട്ടല്‍ ഡൈനാമോസിന് വേണ്ടി ഒരു ഗോള്‍ നേടിയപ്പോള്‍ 
12, 78, 83 മിനുറ്റുകളിലായി മൂന്ന് ഗോളുകള്‍ നേടി ഹ്യൂം ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചു.

ഐഎസ്എല്‍ ചരിത്രത്തില്‍ തന്‍റെ മൂന്നാമത്തെ ഹാട്രിക്കാണ് ഹ്യൂം ഡല്‍ഹിയില്‍ നേടിയത്. ഇതോടെ ഐഎസ്എല്ലില്‍ ഇയാന്‍ ഹ്യൂമിന്‍റെ ഗോള്‍ നേട്ടം 26ലെത്തി.  ഡൈനമോസിനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ച്  12 മത്തെ മിനിറ്റില്‍ ഹ്യൂമിന്‍റെ ആദ്യ ഗോള്‍ പിറന്നു. ഇടത് വിങ്ങിലൂടെ മുന്നേറിയ കറേജ് പെക്കുസന്‍റെ നീക്കമാണ് മനോഹര ഗോളിന് വഴിതുറന്നത്. എന്നാല്‍ രണ്ടും മൂന്നും ഗോളുകള്‍ ഹ്യൂമിന്‍റെ വ്യക്തിഗത മികവ് വെളിവാക്കുന്നതായി. 44 മത്തെ മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിന്‍റെ ഫ്രീകിക്കിന് തലവെച്ച ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിക്ക് സമനില നേടിക്കൊടുത്തു. അതോടെ ആദ്യ പകുതിയില്‍ ഓരോ ഗോളുകളടിച്ച് ഇരുടീമും സമനിലയില്‍ പിരിഞ്ഞു.  രണ്ടാം പകുതിയില്‍ പുനെക്കെതിരായ മത്സരത്തിലെ ഓര്‍മ്മകളുണര്‍ത്തിഉണര്‍ന്ന് കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. 78 മത്തെ മിനിറ്റില്‍ പൗളീഞ്ഞോയെയും റോഡ്രിഗസിനെയും കബളിപ്പിച്ച് ഹ്യും നടത്തിയ ഒറ്റയാന്‍ മുന്നേറ്റം മിന്നും ഗോളായി മാറി. 83 മത്തെ മിനിറ്റില്‍ കറേജ് പെക്കൂസണ്‍-ഹ്യൂം സഖ്യം വീണ്ടും ഒന്നിച്ചതോടെ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോളും ഹ്യൂമിന്‍റെ ഹാട്രിക്കും പിറന്നു. 

ആദ്യ പകുതി സമനിലയിലായപ്പോള്‍ രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിലൂടെ വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഡല്‍ഹി ഡൈനമോസിന്‍റെ ഗോള്‍ കീപ്പര്‍ സാബിയറിന് മത്സരമധ്യേ പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു. ജയത്തോടെ രണ്ട് സ്ഥാനം മുന്നോട്ട് കയറി ആറാം സ്ഥാനത്തെത്താന്‍ ബ്ലാസ്റ്റേഴ്സിനായി. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close