ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണില്‍ ഇനി ഹ്യൂമേട്ടന്‍ കളിക്കില്ല

  

Updated: Feb 8, 2018, 05:09 PM IST
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണില്‍ ഇനി ഹ്യൂമേട്ടന്‍ കളിക്കില്ല

കൊച്ചി: ഐഎസ്എല്ലില്‍ പ്ലേ ഓഫ് ബര്‍ത്തിനായി പൊരുതുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യും സീസണില്‍ ഇനി കളിച്ചേക്കില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. പൂനെ സിറ്റിക്കെതിരായ മത്സരത്തിനിടയിലാണ് ഹ്യൂമിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്.  

കൂടുതല്‍ കരുത്തോടെയും വീര്യത്തോടെയും മടങ്ങിവരുമെന്ന് ഹ്യൂം ട്വിറ്ററിലൂടെ പ്രതികരിച്ചു. നിസ്സാരമെന്ന് കരുതിയ പരിക്കിലൂടെ സീസണ്‍ അവസാനിപ്പിക്കുന്നത് വേദനാജനകമാണെന്നും ഹ്യൂം ട്വിറ്ററില്‍ കുറിച്ചു. സീസണില്‍ ഹ്യൂം 5 ഗോള്‍ നേടിയായിരുന്നു. ഡേവിഡ് ജയിംസ് പരിശീലകനായ ശേഷം മികച്ച പ്രകടനം നടത്തി വരുന്ന ബ്ലാസ്‌റ്റേഴ്‌സിന്‍റെ കുന്തമുനയായി മാറിയ ഹ്യൂമിന്‍റെ അഭാവം മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകും എന്നതില്‍ സംശയമില്ല.

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയോട് ഇന്ന് മഞ്ഞപ്പട പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. ഹ്യൂമിന്‍റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് ആരാധകരുടെ ആശങ്ക. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു.

രാത്രി എട്ടിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടിലാണ് മത്സരം. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കിരീടം നേടിയത്. അതിന് ഇന്നത്തെ മത്സരത്തില്‍ മഞ്ഞപ്പട പകരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

പതിനഞ്ചാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ജംഷെഡ്പൂരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം. ഈ മത്സരത്തില്‍ തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ സെമി സാധ്യതകള്‍ മങ്ങും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം കൊല്‍ക്കത്തക്കുണ്ട്. എന്നാല്‍ ഏത് എവേ മത്സരത്തിലും ടീമിനെ പിന്തുണക്കുന്ന ഒരു മഞ്ഞപ്പടയുള്ളത് ബ്ലാസ്‌റ്റേഴ്‌സിനും പ്രതീക്ഷയാണ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close