ത്രിരാഷ്ട്ര ട്വന്റി 20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

  

Updated: Mar 13, 2018, 10:14 AM IST
ത്രിരാഷ്ട്ര ട്വന്റി 20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

കൊളംബോ: ത്രിരാഷ്ട്ര ടൂര്‍ണമെനന്റിലെ മൂന്നാം മത്സരത്തില്‍  ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.  മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം മിന്നിത്തിളങ്ങിയ മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 

മഴ മൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം വിജയപ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. രണ്ടാം പന്തില്‍ സി‌ക്സറടിച്ച രോഹിത് രണ്ടാം ഓവറിലെ അവസാന പന്തില്‍ ധനന്‍ജയയുടെ മുന്നില്‍ തോല്‍വി സമ്മതിച്ചു. പിന്നാലെ ശീഖര്‍ ധവാന്‍ കൂടി പുറത്തായതോടെ 3.1 ഓവറില്‍ ഇന്ത്യ ആകെ നേടിയത് 19 റണ്‍സ് മാത്രം.  

ശേഷം ബാറ്റിംഗിനിറങ്ങിയ റെയ്നയുടെ അതിവേഗം മുന്നേറാനുള്ള ശ്രമം വിനയായി. 15 പന്തില്‍ 27 റണ്‍സെടുത്ത റെയ്നയെ പ്രദീപ് പുറത്താക്കി. രാഹുലിന്‍റെ ബാക്ക്ഫൂട്ടില്‍ കളിക്കാനുള്ള ശ്രമം മെന്‍ഡിസിന്‍റെ വിക്കറ്റായത്തോടെ 9.5 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റിന് 82.

മധ്യ ഓവറുകളിലെ മനീഷ് പാണ്ഡെ-ദിനേശ് കാര്‍ത്തിക് സഖ്യം അവസാന മൂന്ന് ഓവറില്‍ 19 റണ്‍സ് എന്ന വിജയലക്ഷ്യത്തില്‍ ഇന്ത്യയെ കൊണ്ടെത്തിച്ചു. ഒമ്പത് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയിക്കുമ്പോള്‍ 42 റണ്‍സുമായി മനീഷ് പാണ്ഡെയും 39റണ്‍സെടുത്ത് ദിനേശ് കാര്‍ത്തികും പുറത്താകാതെ നിന്നു. 

ലങ്കയ്ക്കായി ധനന്‍ജയ രണ്ടും പ്രദീപും, ജീവന്‍ മെന്‍ഡിസും ഓരോ വിക്കറ്റുകള്‍ വീതം  വീഴ്ത്തിയപ്പോള്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഠാക്കൂറിന്‍റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായി. സുന്ദര്‍ രണ്ടും ഉനദ്കട്ടും ചഹലും വിജയും ഓരോ വിക്കറ്റുകള്‍ നേടി. നേരത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ്(55) ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തരംഗ(22), ശനക(19),ഗുണതിലക(17), പെരേര(15) എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകള്‍. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close