തീയറ്ററുകളില്‍ സിനിമ തുടങ്ങും മുന്നേ ഇനി ഈ ഉപദേശം ഇല്ല

പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം എന്ന രാഹുല്‍ ദ്രാവിഡിന്‍റെ ബോധവല്‍കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. 

Last Updated : Nov 28, 2018, 04:03 PM IST
തീയറ്ററുകളില്‍ സിനിമ തുടങ്ങും മുന്നേ ഇനി ഈ ഉപദേശം ഇല്ല

കൊച്ചി: തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് കാണുന്ന ഒരു പരസ്യമുണ്ട്. പുകയിലക്കെതിരായ സന്ദേശവുമായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്‍റെ ആ പരസ്യം ഇനി ഉണ്ടാകില്ല.  

പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം എന്ന രാഹുല്‍ ദ്രാവിഡിന്‍റെ ബോധവല്‍കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനപ്രകാരമാണ് ഈ നടപടി. പകരം ഡിസംബര്‍ ഒന്നു മുതല്‍ പുതിയ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.

‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പരസ്യങ്ങളാവും ദ്രാവിഡിന്‍റെ പരസ്യത്തിന് പകരം തിയേറ്ററുകളില്‍ എത്തുക. ഏറെ പ്രസിദ്ധമായ ‘ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്’ എന്ന പരസ്യത്തിന് പകരമായാണ് ദ്രാവിഡിന്‍റെ പരസ്യം തിയേറ്ററുകളില്‍ ഇടം പിടിച്ചത്. 2012 ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്.

Trending News