മഞ്ഞകടല്‍ ഇരമ്പി; ഭാജിയ്ക്കൊരു റെക്കോര്‍ഡും

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ക്യാച്ചെടുത്ത താരമായി ഹര്‍ഭജന്‍ സി൦ഗ്.

Last Updated : Mar 24, 2019, 11:27 AM IST
മഞ്ഞകടല്‍ ഇരമ്പി; ഭാജിയ്ക്കൊരു റെക്കോര്‍ഡും

ചെന്നൈ: 12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍.

എന്നാല്‍, ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ താര൦ ഏറെ നാളുകള്‍ക്ക് ശേഷം കളികളത്തില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗായിരുന്നു. 

ഇന്നലെ രാത്രി എട്ട് മണിയ്ക്ക് നടന്ന മത്സരത്തില്‍ നിരവധി താരങ്ങളാണ് ഭാജിയുടെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയത്.

ബാംഗ്ലൂരിന്‍റെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മോയിന്‍ അലി, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ അതില്‍പ്പെടും.

എട്ടു പന്തില്‍ ഒമ്പത് റണ്‍സടിച്ച മോയിന്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഹര്‍ഭജന്‍ പുറത്താക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ക്യാച്ചെടുത്ത താരമായി ഹര്‍ഭജന്‍ സി൦ഗ്.

കോട്ട് ആന്‍ഡ് ബൗള്‍ഡ് രീതിയില്‍ 11 വിക്കറ്റുകളാണ് ഹര്‍ഭജന്‍റെ അക്കൗണ്ടിലുള്ളത്. ഡ്വെയിന്‍ ബ്രാവോയ്‌ക്കൊപ്പം പത്ത് വിക്കറ്റുകളുമായി റെക്കോഡ് പങ്കിടുകയായിരുന്നു ഭാജിയിപ്പോള്‍ ഒന്നാം സ്ഥാനക്കാരനായി. 

10 വിക്കറ്റുമായി ഡ്വെയിന്‍ ബ്രാവോ രണ്ടാം സ്ഥാനത്തും, ഏഴ് വിക്കറ്റുമായി സുനില്‍ നരെയ്ന്‍ മൂന്നാമതും, ആറു വിക്കറ്റുമായി കീറണ്‍ പൊള്ളാര്‍ഡ് നാലാം സ്ഥാനത്തുമുണ്ട്.

Trending News