ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും

  

Updated: Jan 13, 2018, 12:07 PM IST
ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് മൽസരം ഇന്ന് ഉച്ചക്ക് രണ്ടിന് സെഞ്ചൂറിയനിൽ ആരംഭിക്കും.  ആദ്യ ടെസ്റ്റിലെ തോൽവിയോടെ പരമ്പരയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യയുടെ നിർണായക മത്സരമാണിത്‌.

സെഞ്ചൂറിയനിൽ 22 മൽ‌സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്ക പതിനേഴിലും ജയിച്ചുകയറിയിരുന്നു. എട്ടുതവണ ഇന്നിങ്സ് വിജയം നേടി. കരുത്തരായ ഓസീസിനെതിരെ എട്ടു വിക്കറ്റിന്‍റെയും വിൻഡീസിനെതിരെ പത്തു വിക്കറ്റിന്‍റെയും ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ഈ മണ്ണിലാണ്. 

ടെസ്റ്റിൽ നാൽപതിനു മുകളിൽ ശരാശരിയുണ്ട് ഇന്ത്യൻ ഓപ്പണർമാരായ മുരളി വിജയ്ക്കും ശിഖർ ധവാനും. മധ്യനിരയിൽ ചങ്കുറപ്പു കാട്ടുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും ചേതേശ്വർ പൂജാരയുടെയും ശരാശരി അൻപതിനു മുകളിലും. പക്ഷേ, പേരുകേട്ട ഈ നാലു ബാറ്റ്സ്മാൻമാർ ചേർന്ന് ഒന്നാം ടെസ്റ്റിൽ നേരിട്ടത് 240 പന്തുകൾ മാത്രം.  രണ്ട് ഇന്നിങ്സുകളിൽനിന്നായി ഇവർ നേടിയതു 109 റൺസും. 

മുൻനിര ബാറ്റ്സ്മാൻമാർ‌ വന്നപോലെ മടങ്ങിയപ്പോൾ, വാലറ്റത്തിറങ്ങിയ ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ പന്തു നേരിട്ടത്. അലസ ഷോട്ടുകൾക്കു മുതിരാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ക്ഷമയോടെ പിടിച്ചുനിന്നാൽ സെഞ്ചൂറിയനിൽ ഇന്ത്യയുടെ തിരിച്ചുവരവു കാണാം. നിർണായക മൽസരത്തിൽ ഇന്ത്യ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ കളിപ്പിക്കുമോ എന്നുറപ്പില്ല.  ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 72 റണ്‍സിനാണ് ഇന്ത്യയെ തോൽപ്പിച്ചത്.