സുക്കര്‍ബര്‍ഗ് രാജി വെയ്ക്കണമെന്ന് നിക്ഷേപകര്‍

തങ്ങള്‍ ഈ സ്ഥാപനവുമായൊന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. 

Last Updated : Nov 17, 2018, 05:46 PM IST
സുക്കര്‍ബര്‍ഗ് രാജി വെയ്ക്കണമെന്ന് നിക്ഷേപകര്‍

ഫെയ്‌സ്ബുക്കിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒഴിയണമെന്ന ആവശ്യം കമ്പനിയിലെ മറ്റ് നിക്ഷേപകരില്‍ നിന്നും ശക്തമാവുന്നു. 

കമ്പനിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളെ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനുമായി ഫെയ്‌സ്ബുക്ക് ഒരു പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണിത്‌. 

വാഷി൦ഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേഴ്‌സ് പബ്ലിക്ക് അഫയേഴ്‌സ് എന്ന പബ്ലിക്ക് റിലേഷന്‍സ് സ്ഥാപനത്തെയാണ് തങ്ങള്‍ക്കനുകൂലമായ പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഫെയ്‌സ്ബുക്ക് നിയമിച്ചത്.  

ഫെയ്‌സ്ബുക്കിനും സുക്കര്‍ബര്‍ഗിനുമെതിരെയുള്ള വിമര്‍ശനങ്ങളെ ഡിഫൈനേഴ്‌സ് ജൂതവിരുദ്ധ പ്രചാരണങ്ങളാക്കി വ്യാഖ്യാനിച്ചുവെന്നും എതിരാളികളായ സ്ഥാപനങ്ങളെ വിമര്‍ശിച്ചു വാര്‍ത്താ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു. തങ്ങള്‍ ഈ സ്ഥാപനവുമായൊന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. 

ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനവും സിഇഓ സ്ഥാനവും ഒന്നിച്ച് കയ്യാളുന്നത് ശരിയായ നടപടിയല്ലെന്ന വിമര്‍ശനം നിക്ഷേപകരില്‍ നിന്ന് ഏറെ നാളുകളായി ഉയരുന്നുണ്ട്. 

കേംബ്രിജ് അനലിറ്റിക്ക വിവാദവും പിന്നാലെയുണ്ടായ ഒട്ടനവധി വിവര ചോര്‍ച്ചാ സംഭവങ്ങളും ഫെയ്‌സ്ബുക്കിനെതിരെ നിരവധി രാജ്യങ്ങളിലുണ്ടായ നിയമ നടപടികളും സുക്കര്‍ബര്‍ഗിന്റെ നേതൃത്വം പര്യാപ്തമല്ലെന്ന വിമര്‍ശനത്തെ ശക്തിപകര്‍ന്നിട്ടുണ്ട്
 

Trending News