46 മില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണവുമായി മലേഷ്യ

Last Updated : Nov 1, 2017, 05:09 PM IST
46 മില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണവുമായി മലേഷ്യ

മലേഷ്യയിലെ 46 മില്ല്യന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യ അന്വേഷണം തുടങ്ങിയതായി വാര്‍ത്താവിനിമയ വകുപ്പു മന്ത്രി സലേഷ് സൈദ്‌ കെരുവാക്ക് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ലോയാത്ത് നെറ്റ് എന്ന പ്രാദേശിക ടെക്നോളജി വെബ്സൈറ്റ് ഭീമമായ ഈ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. ആരോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നു എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഇവര്‍ അന്വേഷണം തുടങ്ങിയത്. രാജ്യത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായുള്ള മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മള്‍ട്ടിമീഡിയ കമ്മീഷന്‍ (MCMC) ഇക്കാര്യം കൂടുതല്‍ അന്വേഷിച്ചു വരികയാണ്.

ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് സലേഷ് പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി വഴിയാണ് ഇങ്ങനെ ചോര്‍ന്ന വിവരങ്ങള്‍ക്കായുള്ള പ്രതിഫലം പറ്റുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പറുകള്‍, ഐഡി കാര്‍ഡ് നമ്പറുകള്‍, അഡ്രെസ്സ് വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ഇങ്ങനെ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. മലേഷ്യയിലെ പന്ത്രണ്ടോളം മൊബൈല്‍ ഫോണ്‍ കമ്പനികളുടെ വിവരങ്ങള്‍ ഇങ്ങനെ ചോര്‍ന്നിട്ടുണ്ട്.

ആകെ 32 മില്ല്യന്‍ മാത്രമാണ് മലേഷ്യയിലെ ജനസംഖ്യ. ഒരേ ആളുകള്‍ തന്നെ നിരവധി മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതും ഇവിടെ സന്ദര്‍ശിക്കുന്ന വിദേശികളുടെയും വിവരങ്ങളും കൂടിയാണ് 46 മില്ല്യന്‍ പേരുടെ വിവരങ്ങള്‍ ആയതെന്ന് അനുമാനിക്കുന്നു.

 

Trending News