കൗമാരക്കാരെ നോട്ടമിട്ട് മോമോ

ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഗെയിം കൂടി. 

Updated: Aug 6, 2018, 04:30 PM IST
കൗമാരക്കാരെ നോട്ടമിട്ട് മോമോ

മെക്‌സിക്കോ: ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഗെയിം കൂടി. 

'മോമോ ചാലഞ്ച്' എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷമായത്. 

ഗെയിമില്‍ താല്‍പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം ആരംഭിക്കുന്നത്. 

മെസേജിന് മറുപടിയായി പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. ഇത് പലരിലും ആത്മഹത്യാ പ്രവണത വരെയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. 

വാട്‌സാപ്, ഫേസ്ബുക്ക്‌, യൂട്യുബ് എന്നിവ വഴി പ്രചരിക്കുന്ന ഒരു പേഴ്‌സണലൈസ്ഡ് ഗെയിമാണിത്. അതുകൊണ്ട് തന്നെ ഇതിന് സ്വാധീന ശക്തി വളരെ കൂടുതലാണ്.

ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്‍റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. 

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു. മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു.

ജീവന് തന്നെ ഭീക്ഷണിയാകുന്ന മോമോയ്‌ക്കെതിരെ മുന്നറിയിപ്പുമായി സ്‌പെയിന്‍, അര്‍ജന്റീന മെക്‌സിക്കോ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ അര്‍ജന്‍റീനയില്‍ 12കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് കാരണം മോമോ ചാലഞ്ച് ആണെന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close