ഫോണുകള്‍ ഉപേക്ഷിക്കരുതേ... അതില്‍ സ്വര്‍ണമുണ്ട്!

ഇ-വേസ്റ്റുകളില്‍ നിന്ന് അതീവ പ്രാധാന്യമുള്ള ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്‌. 

Sneha Aniyan | Updated: Sep 18, 2018, 12:57 PM IST
ഫോണുകള്‍ ഉപേക്ഷിക്കരുതേ... അതില്‍ സ്വര്‍ണമുണ്ട്!

വാഷിംഗ്ടണ്‍: ഇ-വേസ്റ്റുകളില്‍ നിന്ന് അതീവ പ്രാധാന്യമുള്ള ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്‌. ഇതിനുള്ള ഏറ്റവും പുതിയതും ലളിതവുമായ രീതി കണ്ടെത്തിയതായി എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം അറിയിച്ചു. 

ലോകത്താകെ ഒരു വര്‍ഷം ഖനനം ചെയ്യുന്ന സ്വര്‍ണത്തിന്‍റെ ഏഴ് ശതമാനം സ്വര്‍ണമെങ്കിലും ഇ-മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.

10 ലക്ഷം മൊബൈല്‍ ഫോണുകളുടെ സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ നിന്ന് 24 കിലോ സ്വര്‍ണവും വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഇവര്‍ കണ്ടെത്തിയിരിക്കുകയാണ്.  

നേരത്തെ സയനൈഡ് അടക്കമുള്ള ടോക്സിക്ക് കെമിക്കല്‍സ് ഉപയോഗിച്ചുള്ള അപകടകരമായ രീതിയായിരുന്നു ലോഹം വേര്‍തിരിക്കുന്നതിനായി ഉപോയോഗിച്ചിരുന്നത്.

അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോഹം വേര്‍തിരിക്കുന്നതിന് പകരം ഇ-മാലിന്യം കുഴിച്ചുമൂടുകയോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയോ ആണ് ചെയ്തിരുന്നത്.

എന്നാല്‍, പുതിയ രീതിയില്‍  കെമിക്കല്‍ മിശ്രിതം ഉപയോഗിച്ച് എവിടെ വച്ചും ലോഹം വേര്‍തിരിക്കല്‍ പ്രക്രിയ നടത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇതില്‍ അപകടസാധ്യത താരതമേന്യ കുറവായിരിക്കും.

അതിവീര്യമില്ലാത്ത ആസിഡില്‍ ഫോണിന്‍റെയോ ടിവിയുടെയോ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡ്  മുക്കി വച്ച ശേഷം ദ്രവ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള മിശ്രിതം തുള്ളിതുള്ളിയായി ഒഴിച്ചാല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

മിശ്രിതത്തിന്‍റെ വിവരങ്ങളൊന്നും ഗവേഷകര്‍ തത്കാലം പുറത്തുവിട്ടിട്ടില്ല. ഈ രീതി നിലവില്‍ വന്നാല്‍ വര്‍ഷത്തില്‍ 300 ടണ്‍ സ്വര്‍ണം ഇ-മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കാനാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് ജേര്‍ണലായ അങ്കെവാന്‍ഡേ കെമിയാണ് പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close