വോയ്‌സ് ഓവര്‍ വൈ ഫൈ, ഗിഗാഫൈബര്‍ സംവിധാനങ്ങളുമായി ജിയോ

വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനവും ജിയോ ഗിഗാഫൈബര്‍ സംവിധാനങ്ങളും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ജിയോയെന്ന് മുകേഷ് അംബാനി.

Updated: Jul 5, 2018, 12:59 PM IST
വോയ്‌സ് ഓവര്‍ വൈ ഫൈ, ഗിഗാഫൈബര്‍ സംവിധാനങ്ങളുമായി ജിയോ

മുംബൈ: വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനവും ജിയോ ഗിഗാഫൈബര്‍ സംവിധാനങ്ങളും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ജിയോയെന്ന് മുകേഷ് അംബാനി.

വ്യാഴാഴ്ച മുംബൈയിൽ നടന്ന റിലയൻസ് വാർഷിക ജനറൽ ബോഡി യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. ഇതുകൂടാതെ, റിലയൻസ് പവർ, റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നിവയുടെ പുതിയ പദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചു.

ഗ്രാമീണ മേഖലയിലെ സേവനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അംബാനി പറഞ്ഞു. നിലവില്‍ 20 കോടി വരിക്കാരുള്ള ജിയോ ഫോണിൽ ഫേസ്ബുക്ക്, വാട്സാപ്പ്, യു ട്യൂബ് എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മോശം സിഗ്നല്‍ മൂലമുണ്ടാകുന്ന കോള്‍ മുറിയല്‍ ഒഴിവാക്കാന്‍ ജിയോയുടെ ഫീച്ചര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വോയസ് ഓവര്‍ വൈ ഫൈ സംവിധാനം സഹായിക്കുന്നു. സിഗ്നല്‍ മോശമാണെങ്കില്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജിയോ ഗിഗാ ഫൈബർ ഉപയോഗിക്കുന്നതു വഴി ഇന്ത്യയ്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസരീതി ഉണ്ടാകുകയും ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലയ്ക്കും ഇത് അവിഭാജ്യഘടകമായി മാറുകയും ചെയ്യും. 

ഓഗസ്റ്റ് 15 മുതലാണ് പുതിയ സംവിധാനങ്ങൾ ലഭ്യമാകുന്നത്. രാജ്യത്ത് നിലവില്‍ 500 മില്യണ്‍ ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കളുണ്ടെന്നാണ് കരുതുന്നത്.