ഞണ്ടും മീനും, ഇത് കൊച്ചിയുടെ രുചി

കൊച്ചിയില്‍ എത്തിയാല്‍ നല്ല മീന്‍ കൂട്ടി ഊണ് കഴിക്കാതെ പോരുന്നത് ശരിയായ കീഴ്വഴക്കല്ലല്ലോ. നേരെ കണ്ടെയ്നര്‍ റോഡിലൂടെ വച്ച് പിടിക്കൂ... ഞണ്ടും മീനും കൂട്ടി ഊണ് കഴിക്കാം

Last Updated : Feb 7, 2018, 08:14 PM IST
ഞണ്ടും മീനും, ഇത് കൊച്ചിയുടെ രുചി

കൊച്ചിയില്‍ എത്തിയാല്‍ നല്ല മീന്‍ കൂട്ടി ഊണ് കഴിക്കാതെ പോരുന്നത് ശരിയായ കീഴ്വഴക്കല്ലല്ലോ. അതുകൊണ്ട്, ഒരു ഞായറാഴ്ച കൊച്ചിയിലെത്തിയ ഞാന്‍, ടെക്കി സുഹൃത്തിനോട് നല്ല മീന്‍ കൂട്ടി ഊണ് കഴിക്കാന്‍ പറ്റുന്ന സ്ഥലമേതാ എന്ന ചോദ്യം ഉന്നയിച്ചു. ചോദ്യം കേള്‍ക്കേണ്ട താമസം, അദ്ദേഹം തന്‍റെ ശകടവും എടുത്ത് എന്നോടൊപ്പം കൂടി. 

കായലിന്‍റെയും കണ്ടല്‍ക്കാടിന്‍റെയും കാഴ്ച കണ്ട് ഞങ്ങള്‍ നേര എത്തിയത് കണ്ടെയ്നര്‍ റോഡിലുള്ള 'ഞണ്ടും മീനും' എന്ന തനി നാടന്‍ കടയിലേക്ക്. തൊട്ടടുത്ത് തന്നെയുള്ള 'വെള്ളക്കാന്താരി' എന്ന കടയായിരുന്നു ആദ്യം ലക്ഷ്യമിട്ടതെങ്കിലും ഞായറാഴ്ച വെള്ളക്കാന്താരി തുറന്ന് പ്രവര്‍ത്തിക്കില്ല എന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടതുകൊണ്ട് തൊട്ടടുത്തുള്ള 'ഞണ്ടും മീനും' എന്ന കടയിലേക്ക് വച്ചടിച്ചു. 

തെരഞ്ഞെടുപ്പ് മോശമായില്ല. നല്ല വൃത്തിയും സൗകര്യവുമുള്ള കട. കയറിച്ചെല്ലുന്ന ഇടത്ത് തന്നെ കടയിലെ വിഭവങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. എല്ലാം കിടിലോല്‍ക്കിടിലന്‍. ഞണ്ടിറച്ചിയും കക്കയിറച്ചിയുമായിരുന്നു എന്നെ ഹഠാദാകര്‍ഷിച്ചത്. ഇത്തിരിക്കുഞ്ഞന്‍ പാത്രങ്ങളില്‍ സ്റ്റൈലായി ഇരിക്കുന്ന മീന്‍ വിഭവങ്ങള്‍ കണ്ടാല്‍ ആരായാലും കണ്‍ട്രോള്‍ പോകും. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ആള്‍ എല്ലാം ഓരോ പ്ലേറ്റ് പോരട്ടെയെന്ന് തളത്തില്‍ ദിനേശന്‍ പറഞ്ഞ പോലെ പറയാന്‍ ആര്‍ക്കും തോന്നും. 

ഇവിടെയുമുണ്ട് ഒരു സ്പെഷല്‍ വിഭവം. ഞണ്ടിറച്ചി റോസ്റ്റ്. അതായത്, കഴിയ്ക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത് മാത്രം ഞണ്ടിറച്ചി ഒഴിവാക്കുന്ന ഭക്ഷണപ്രിയരേ, നിങ്ങള്‍ക്കുള്ളതാണ് ഇവിടം. ഞണ്ടിന്‍റെ തോടൊക്കെ മാറ്റി, നല്ലോണം കഴിയ്ക്കാന്‍ പാകത്തിന് സ്റ്റെലായി ഉണ്ടാക്കിയെടുത്ത ഞണ്ടിറച്ചി റോസ്റ്റ് ഇവിടുണ്ട്. 

അങ്ങനെ രണ്ട് മൂന്ന് ഐറ്റംസ് ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ ഇരുന്നു. ഒട്ടും വൈകാതെ ഇലയെത്തി. ഒപ്പം കണ്ണും വയറും നിറക്കുന്ന വിഭവങ്ങളും. എല്ലാത്തിനും നല്ല നാടന്‍ സ്വാദ്. മടുപ്പിക്കാത്ത ഈ സ്വാദ് തന്നെയാണ് കടയുടെ ഐശ്വര്യവും. 

വിശാലമായ അടുക്കളയാണ് കടയുടെ മറ്റൊരു പ്രത്യേകത. ഭക്ഷണവിഭവങ്ങളെല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് കഴിയ്ക്കാന്‍ തോന്നും. കൊച്ചിക്കാരായ സജിയേട്ടനും രാജു ചേട്ടനുമാണ് കട നടത്തുന്നത്. വിലയെക്കുറിച്ച് ആശങ്ക വേണ്ട. സാധാരണക്കാരന് താങ്ങുന്ന വില മാത്രം. അപ്പോള്‍, അടുത്ത കൊച്ചിയാത്രയില്‍ ഞണ്ടിറച്ചി കഴിയ്ക്കല്ലേ.... സ്ഥലം മറക്കണ്ട. കണ്ടെയ്നര്‍ റോഡിലുള്ള ഞണ്ടും മീനും (9447605136).

Trending News