പ്രതിദിനയാത്രകള്‍ എല്‍ടിസി പരിധിയില്‍ വരില്ലെന്ന് പുതിയ ഉത്തരവ്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിസി) പരിധിയില്‍ ദിനംപ്രതി ഉണ്ടാവുന്ന ചെലവുകള്‍ പെടില്ലെന്ന് പുതിയ ഉത്തരവ്. 

PTI | Updated: Nov 16, 2017, 06:58 PM IST
പ്രതിദിനയാത്രകള്‍ എല്‍ടിസി പരിധിയില്‍ വരില്ലെന്ന് പുതിയ ഉത്തരവ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിസി) പരിധിയില്‍ ദിനംപ്രതി ഉണ്ടാവുന്ന ചെലവുകള്‍ പെടില്ലെന്ന് പുതിയ ഉത്തരവ്. 

സ്വന്തം ജന്മനാട്ടിലേയ്ക്കോ പരിധിക്കുള്ളില്‍ വരുന്ന മറ്റിടങ്ങളിലേയ്ക്കോ യാത്ര ചെയ്യാനും ടിക്കറ്റ് തുക എഴുതിയെടുക്കാനും എല്‍ടിസിയില്‍ വകുപ്പുണ്ട്. ഓരോ ആളുകളുടെയും റാങ്കിനനുസരിച്ച് ഈ തുകയില്‍ വ്യത്യാസം കാണും. പെട്ടെന്നുണ്ടാകുന്ന ചെലവുകളോ പ്രാദേശിക യാത്രകളോ ഒന്നും ഇതിനു പരിധിയില്‍ വരില്ലെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആന്റ് ട്രെയിനിങ്(DoPT) ആണ് ഈ ഉത്തരവ് പുറത്തിറക്കിയത്. 

പ്രീമിയം ട്രയിനുകളിലോ സുവിധ ട്രയിനുകളിലോ തത്കാല്‍ സംവിധാനത്തിലോ യാത്ര ചെയ്യാനുള്ള ചെലവുകള്‍ എഴുതിയെടുക്കാം. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. 

സര്‍ക്കാര്‍ വാഹനങ്ങളോ പൊതുഗതാഗതവകുപ്പിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതോ ആയ ഗതാഗതസേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ എല്‍ടിസി എഴുതിയെടുക്കാനാവൂ എന്ന് ഈ ഉത്തരവില്‍ പറയുന്നു. 

പൊതുഗതാഗതസൗകര്യങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ നൂറു കിലോമീറ്റര്‍ വരെ സ്വകാര്യ വാഹനങ്ങളില്‍ ഉള്ള യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതില്‍ കൂടുതല്‍ വരുന്ന ചെലവുകള്‍ സ്വയം വഹിക്കണം .യാത്രയുടെ തെളിവുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം.

ഏഴാമത് സെന്‍ട്രല്‍ പേ കമ്മീഷന്‍റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രാബത്തകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്