പ്രതിഷേധങ്ങള്‍ക്കിടെ ജറുസലേമില്‍ എംബസി തുറന്ന് അമേരിക്ക; വെടിവെപ്പില്‍ 41 മരണം

എംബസി തുറന്നതില്‍ പ്രതിഷേധിച്ച് ഗാസ അതിര്‍ത്തിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ  ഇസ്രയേല്‍ വെടിയുതിര്‍ത്തു.

AFP | Updated: May 14, 2018, 07:54 PM IST
പ്രതിഷേധങ്ങള്‍ക്കിടെ ജറുസലേമില്‍ എംബസി തുറന്ന് അമേരിക്ക; വെടിവെപ്പില്‍ 41 മരണം
Pic Courtesy: AFP

വാഷിംഗ്ടണ്‍: പലസ്തീന്‍ പ്രതിഷേധത്തിനിടയില്‍ അമേരിക്ക തര്‍ക്കഭൂമിയായ ജറുസലേമില്‍ എംബസി തുറന്നു. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത് ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഇന്നും ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധം ഇരമ്പി. 

എംബസി തുറന്നതില്‍ പ്രതിഷേധിച്ച് ഗാസ അതിര്‍ത്തിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ  ഇസ്രയേല്‍ വെടിയുതിര്‍ത്തു. 41 പലസ്തീനികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

 

 

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചടങ്ങില്‍ പങ്കെടുത്തത്. ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി ജോണ്‍ സളിവനും ട്രംപിന്‍റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇസ്രായേലുമായും പലസ്തീനുമായും സൗഹൃദത്തിലൂന്നിയ ബന്ധം സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. 

എംബസി തുറന്ന ട്രംപിന്‍റെ നടപടി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രകീര്‍ത്തിച്ചു. ഇസ്രായേലുമായുള്ള ബന്ധം ദൃഢമാക്കിയതില്‍ നന്ദിയും നെതന്യാഹു രേഖപ്പെടുത്തി.