അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നു

ഗള്‍ഫ് മേഖലക്ക് പ്രതീക്ഷ നല്‍കി അന്ത്രാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുകയാണ്. 2015 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വ്യാപാരം നടക്കുന്നത്. 

Updated: Nov 7, 2017, 05:47 PM IST
അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നു

റിയാദ്: ഗള്‍ഫ് മേഖലക്ക് പ്രതീക്ഷ നല്‍കി അന്ത്രാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുകയാണ്. 2015 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വ്യാപാരം നടക്കുന്നത്. 

ബാരലിന് 62:44 ഡോളര്‍ വിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ബ്രെന്റ് ക്രൂഡ് എണ്ണക്ക് 0.42 ശതമാനമാണ് ഇന്നലെ വര്‍ധിച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറുക്കുന്ന വേളയില്‍ തന്നെ എണ്ണ വിലയില്‍ ഉയര്‍ച്ച കാണുന്നത് ഗള്‍ഫ് സാമ്പത്തിക രംഗത്ത് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. 

എണ്ണയുത്പാദനത്തിലെ കുത്തക നില നിര്‍ത്തുന്ന സൗദിയുടെ നിലപാടുകളും അടുത്തിടെ നടന്ന പ്രഖ്യാപനങ്ങളുമാണ് എണ്ണ വില ഉയരാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സൗദി കിരീടാവകാശിയുടെ സാമ്പത്തിക രംഗത്തെ നിലപാടുകളും എണ്ണവില ഉയരാന്‍  കാരണമായതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒപെക്കിനു പുറത്തുള്ള പത്തു രാജ്യങ്ങളുമായി ചേര്‍ന്നു ഉത്പാദന നിയന്ത്രണം നീട്ടാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ എണ്ണ വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുമെന്നും എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്നു പുറത്തുള്ള രാജ്യങ്ങളുമായി സഹകരിച്ച് എണ്ണമേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും സൗദി പ്രഖ്യാപിച്ചിരുന്നു.

ഈ മാസം അവസാനം വിയന്നയില്‍ നടക്കുന്ന എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ യോഗത്തില്‍ ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നതോടെ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. നിലവില്‍ സൗദി, റഷ്യ എന്നീ പ്രമുഖ ഉല്‍പാദന രാജ്യങ്ങളുടെ നേതൃത്വത്തില്‍ എണ്ണ ഉല്‍പാദന നിയന്ത്രണമുണ്ട്. ഇത് 2018 അവസാനം വരെ നീട്ടാനുള്ള ശ്രമം പ്രധാന എണ്ണയുല്‍പാദക രാജ്യങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സൗദി ഊര്‍ജ്ജ മന്ത്രി അല്‍ഫാലിഹിന്‍റെ നേതൃത്വത്തില്‍ ഇതിനായി ശക്തമായ ചര്‍ച്ചകളും നീക്കങ്ങളുമാണ് നടക്കുന്നത്.