കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ട്രംപ്

  

Updated: Jan 13, 2018, 09:18 AM IST
കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ട്രംപ്

വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആഫ്രിക്കന്‍രാജ്യങ്ങള്‍ക്കും ഹെയ്ത്തിക്കും സാല്‍വദോറിനും എതിരെ നടത്തിയ പരാമര്‍ശം കടുത്തുപോയെങ്കിലും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് ട്രംപ് വിശദീകരിച്ചു.

കുടിയേറ്റ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ ഈ വൃത്തികെട്ട രാജ്യക്കാര്‍എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് എന്ന ട്രംപിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.  കുടിയേറ്റക്കാര്‍ക്ക് എതിരെയുള്ള ട്രംപിന്‍റെ പരാമര്‍ശത്തെ അപലപിച്ച് യുഎന്നും രംഗത്തെത്തിയിരുന്നു.  കുടിയേറ്റ ചര്‍ച്ചക്കിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്ത്തിക്കും സാല്‍വദോറിനും എതിരെ നടത്തിയ പരാമര്‍ശമാണ് ട്രംപിനെ വിവാദത്തിലാക്കിയിരിക്കുന്നത്. ഈ 'വൃത്തികെട്ട രാജ്യക്കാര്‍' (Shithole Countries) എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് എന്നായിരുന്നു ട്രംപിന്‍റെ ചോദ്യം.

അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രസിഡന്റിന്‍റെ പ്രസ്താവനയെ തള്ളിപ്പറയാതിരുന്ന വൈറ്റ്ഹൗസ് അമേരിക്കന്‍ ജനതയുടെ താത്പര്യമാണ് ട്രംപ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ ഹെയ്ത്തികാര്‍ മുഴുവന്‍ എയ്ഡ്‌സ് വാഹകരാണെന്ന പ്രസ്താവന ട്രംപിനെ വിവാദത്തിലാക്കിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ പുതിയ വിവാദ പരാമര്‍ശം രൂക്ഷവിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.