ജപ്പാന്‍: കനത്ത മഴ വെള്ളപ്പൊക്ക൦; മരണസംഖ്യ 141 ആയി

ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 141 ആയി.

Updated: Jul 10, 2018, 03:59 PM IST
ജപ്പാന്‍: കനത്ത മഴ വെള്ളപ്പൊക്ക൦; മരണസംഖ്യ 141 ആയി

ടോക്യോ: ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 141 ആയി.

ജനജീവിതം സാധാരണഗതിയിലെത്തിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും സേനയും സന്നദ്ധസംഘടനകളും പരിശ്രമിക്കുകയാണ്. കഴിഞ്ഞ 36 വര്‍ഷത്തിന് ശേഷം ജപ്പാന്‍ കണ്ട ഏറ്റവും വലിയ പ്രളയമാണ് ഇത്. 

രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ‌് ദുരന്തത്തിനിടയാക്കിയത‌്. 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. 

കൂടാതെ ഹിരോഷിമ മേഖലയിലും ദുരന്തം ഏറെ നാശം വിതച്ചിരിക്കുകയാണ്. ഇവിടെ 44 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ദുരന്തത്തിന്‍റെ പൂര്‍ണമായ വ്യാപ‌്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന‌് അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച ഉണ്ടായ ശക്തമായ പേമാരിയില്‍ നൂറോളം വീടുകളാണ് തകര്‍ന്നത്. 15 ലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. 

ജനവാസ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലില്‍ ഗതാഗതം താറുമാറായി. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളോട് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള സേവനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു. ആയിരക്കണക്കിന് പോലീസ്, അഗ്നിശമനസേനാംഗങ്ങള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മണിക്കൂറില്‍ 10 സെന്‍റിമീറ്ററോളം മഴയാണ് ജപ്പാനിലെ മിക്ക ഭാഗത്തും ഉണ്ടാവുന്നത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സ൦ സൃഷ്ടിക്കുന്നുണ്ട്.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close