കുൽ​ഭൂ​ഷ​ൻ ജാ​ദ​വിന്‍റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്റ്റേ; പാകിസ്ഥാന് കനത്ത തിരിച്ചടി

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ‌ തടവിലാക്കിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. 

Updated: May 18, 2017, 06:54 PM IST
കുൽ​ഭൂ​ഷ​ൻ ജാ​ദ​വിന്‍റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്റ്റേ; പാകിസ്ഥാന് കനത്ത തിരിച്ചടി

ഹേഗ്: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ‌ തടവിലാക്കിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ റോണി എബ്രഹാം ഉള്‍പ്പെട്ട 11 അംഗ ബെഞ്ചിന്റെതാണ് വിധി. അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോടു കോടതി ആവശ്യപ്പെട്ടു. 

കുൽഭൂഷൺ ജാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാക്കിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ജഡ്ജി പറഞ്ഞു. കുൽഭൂഷണെ കാണാൻ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ട്. ഇത് അനുവദിക്കാതിരുന്നത് വിയന്ന  കരാറിലെ ആർട്ടിക്കിൾ 36ന്‍റെ  ലംഘനമാണ്. 

കുൽഭൂഷണ് നിയമസഹായം നൽകാതിരുന്നത് ശരിയായില്ല. കേസ് രാജ്യാന്തര കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന പാക്കിസ്ഥാന്റെ വാദം തള്ളി. വിയന്ന ഉടമ്പടി പാലിക്കേണ്ടതില്ലെന്ന പാക്ക് വാദവും തള്ളി. പാക്കിസ്ഥാൻ മുൻവിധിയോടെ പെരുമാറിയെന്നും കോടതി വ്യക്തമാക്കി. 

ഇന്ത്യ നൽകിയ ഹർജിയിന്മേൽ ഇരുരാജ്യങ്ങളുടെയും വാദം പൂർത്തിയായിരുന്നു. ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദർശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നൽകിയ അപ്പീൽ പരിഗണിച്ചു വധശിക്ഷ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ പാക്കിസ്ഥാനോടു രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു.