Viral Video: ശക്തമായ ഭൂമികുലുക്കത്തില്‍ കുലുങ്ങാതെ മുസ്‌ലിം പുരോഹിതന്‍

ശക്തമായ ഭൂകമ്പം നേരിട്ട ബാലി ദ്വീപിലെ പള്ളിയിലാണ് സംഭവം.

Last Updated : Aug 9, 2018, 03:19 PM IST
Viral Video: ശക്തമായ ഭൂമികുലുക്കത്തില്‍ കുലുങ്ങാതെ മുസ്‌ലിം പുരോഹിതന്‍

റ്റവുമധികം നാശം വിതച്ച ഭൂകമ്പത്തിലും ഒന്നുമറിയാതെ പ്രാര്‍ത്ഥിക്കുന്ന മുസ്‌ലിം പുരോഹിതന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശക്തമായ ഭൂകമ്പം നേരിട്ട ബാലി ദ്വീപിലെ പള്ളിയിലാണ് സംഭവം. 

പുരോഹിതനും ആളുകളും പള്ളിയില്‍ നിസ്‌ക്കരിച്ചുക്കൊണ്ട് ഇരിക്കുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. എന്നാല്‍, ഭൂകമ്പമുണ്ടായപ്പോള്‍ പ്രാര്‍ത്ഥന നിര്‍ത്താനോ കെട്ടിടത്തിന് പുറത്തേക്ക് വരാനോ പുരോഹിതനോ ഒപ്പമുണ്ടായിരുന്ന ചില ആളുകളോ തയാറായില്ല. 

വിശ്വാസികളില്‍ ചിലര്‍ പുറത്തേക്ക് പോയെങ്കിലും പുരോഹിതന്‍ പ്രാര്‍ത്ഥന തുടര്‍ന്നതോടെ ചിലര്‍ തിരികെയെത്തി. പുരോഹിതന്‍റെ വിശ്വാസത്തിന്‍റെ ശക്തിയാണ് അപകടം ഒഴിവാക്കിയതെന്നാണ് ചിലര്‍ പറയുന്നത്. 

അതേസമയം, പുരോഹിതന്‍റെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂകമ്പ സമയത്ത് പ്രാര്‍ത്ഥിക്കുകയല്ല രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടതെന്നാണ് അവര്‍ പറയുന്നത്. 

പുരോഹിതന്‍ കാരണമാണ് മറ്റുള്ളവരും പുറത്തേയ്ക്ക് വരാതിരുന്നതെന്നും അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമെന്നുമാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

ഇന്നലെ രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇന്തോനേഷ്യന്‍ ദ്വീപുകളിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ 98 പേരാണ് മരിച്ചത്. 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 

ലംബോക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമായിരുന്നു ഇത്. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ടീമും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയയുടെ സഹായം അഭ്യര്‍ഥിക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി അറിയിച്ചു. 
 

Trending News