പക്വതയായില്ല, ജപ്പാന്‍ രാജകുമാരിയുടെ വിവാഹം നീട്ടിവെച്ചു

  

Updated: Feb 8, 2018, 04:12 PM IST
പക്വതയായില്ല, ജപ്പാന്‍ രാജകുമാരിയുടെ വിവാഹം നീട്ടിവെച്ചു

ടോകിയോ: വിവാഹം നടക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെ ജപ്പാന്‍ രാജകുമാരി മാകോയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തി വെച്ചു. വിവാഹ ശേഷമുള്ള ജീവിതത്തിന് ഒരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് വിവാഹം നീട്ടിവെക്കുന്നതായി രാജകുമാരി അറിയിച്ചത്. രാജകുടുംബത്തിന്‍റെ ഔദ്യോഗിക ഇന്‍ഹൗസ് ഏജന്‍സി  ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് പുതിയ പ്രഖ്യാപനം.

രാജകുമാരിയുടെ വീട്ടുകാര്യങ്ങള്‍  നോക്കുന്ന മേല്‍നോട്ടകാരിയാണ് പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ  എന്ന സാധാരണക്കാരനെയാണ് മോകോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. കഴിഞ്ഞ മെയിലാണ് 26കാരിയായ രാജകുമാരി മാകോയും അതേ പ്രായക്കാരനായ കെയ് കോമുറുവും തമ്മിലുള്ള വിവാഹത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മാകോയുടെ കോളേജിലെ സഹപാഠിയും കാമുകനുമാണ് കോമുറു. 

എന്നാല്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നാണ് ജപ്പാന്‍ രാജകുമാരി പറയുന്നത്. പക്വതയില്ലായ്മയാണ് ഇതിനു കാരണമായതെന്ന് പത്രകുറിപ്പ് പറയുന്നു.  ഞങ്ങള്‍ പലകാര്യങ്ങളും ധൃതി പിടിച്ച് ചെയ്തുവെന്നും.  ഇങ്ങനെ പെട്ടെന്നുള്ള തീരുമാനം ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചുവെന്നും സ്വയം  കുറ്റപ്പെടുത്തി രാജകുമാരി അറിയിച്ചുവെന്നാണ് വാര്‍ത്ത. 

2020 വരെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്നും അറിയുന്നു. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍  കോളേജില്‍ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012 ലായിരുന്നു ഇത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ഇത്തരത്തിൽ തീയ്യതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാത്തിന് മാറ്റം വരുന്നത് ജപ്പാന്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്. 

സാധാരണക്കാരനായ കോമുറുവിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് രാജകുമാരിയുടെ സ്വന്ത ഇഷ്ടപ്രകാരമാണ്. രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്.  അതിനാൽ ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും, അംഗീകാരങ്ങളും നഷ്ടമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ കാരണമാണ് വിവാഹത്തിന് മാറ്റം വരുത്താൻ കാരണമെന്നാണ് പുറത്തു വരുന്ന മറ്റു വിവരങ്ങൾ.