ബേബി പൗഡറിന്‍റെ ഉപയോഗം ക്യാൻസറിനിടയാക്കി; കമ്പനിയ്ക്ക് കോടികള്‍ പിഴ

  

Last Updated : Jul 14, 2018, 02:59 PM IST
ബേബി പൗഡറിന്‍റെ ഉപയോഗം ക്യാൻസറിനിടയാക്കി; കമ്പനിയ്ക്ക് കോടികള്‍ പിഴ

വാഷിംഗ്ടണ്‍: ഭാരതത്തില്‍ മാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. എല്ലാവരുടെയും ചിന്ത കുഞ്ഞുങ്ങളുടെ ചര്‍മ്മം മൃദുലമായത് കൊണ്ട് അവരുടെ സോപ്പും, പൗഡറുമൊക്കെ അതുപോലെ തന്നെ കലര്‍പ്പില്ലാത്തത് ആയിരിക്കും എന്ന്. 

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് അമേരിക്കയില്‍ കുറച്ച് സ്ത്രീകള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാക്കി എന്നാണ് മാത്രമല്ല ഈ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് ക്യാൻസറിനിടയാക്കിയെന്ന കേസിൽ അമേരിക്കന്‍ കോടതി കമ്പനിയ്ക്ക് 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴയും വിധിച്ചു.

ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതിയുടെ വിധി.

കമ്പനിയുടെ ടാല്‍ക്കം പൗഡർ വ്യക്തി ശുചിത്വത്തിനായി ഉപയോഗിച്ചിരുന്നുവെന്നും, അതാണ് തങ്ങൾക്ക് കാൻസർ ബാധിക്കാൻ കാരണമായതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്‌ബെറ്റോസിന്‍റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ കോടതിയില്‍ വ്യക്തമാക്കി.

ഈ വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു.

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്ന് മെസോതെലിയോമ എന്ന ക്യാൻസർ വന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫൻ ലാൻസോ എന്നയാൾക്ക് 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ മുൻപ് ന്യൂ ജേഴ്സി കോടതിയും വിധിച്ചിരുന്നു.

Trending News