ഉപരോധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് കിമ്മിന്‍റെ കത്ത്

അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ സൗഹാര്‍ദം പുനസ്ഥാപിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കത്ത് എന്നാണ് വിലയിരുത്തല്‍. 

Updated: Sep 11, 2018, 03:43 PM IST
ഉപരോധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് കിമ്മിന്‍റെ കത്ത്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്‍ കത്തയച്ചു. വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കുള്ള അവസരം തേടിയാണ് കിംമ്മിന്‍റെ കത്ത്. 

അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ സൗഹാര്‍ദം പുനസ്ഥാപിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കത്ത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കിമ്മിന്‍റെ കത്തു ലഭിച്ചതായും കൂടിക്കാഴ്ച നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സും അറിയിച്ചു.

കഴിഞ്ഞ ജൂണില്‍ ട്രംപും കിമ്മും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചയില്‍ ആണവനിരായുധീകരണം സംബന്ധിച്ചു ധാരണയായതായി പ്രഖ്യാപനം വന്നെങ്കിലും വ്യക്തത ഇല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

എന്നാല്‍ ആണവനിരായുധീകരണത്തിനുള്ള സന്നദ്ധത ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണു കിമ്മിന്‍റെ കത്തെന്നും ഉത്തര കൊറിയയില്‍ ഞായറാഴ്ച നടന്ന സൈനിക പരേഡില്‍ ദീര്‍ഘദൂര മിസൈലുകളുടെ പ്രദര്‍ശനം ഉണ്ടായില്ലെന്നതു ശുഭകരമായ കാര്യമാണെന്നും  സാറ സാന്‍ഡേഴ്‌സ് അഭിപ്രായപ്പെട്ടു. 

സമ്പൂര്‍ണ ആണവനിരായുധീകരണം ലക്ഷ്യമാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിച്ചു വരികയാണ്.

ഇതിനിടെ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഉന്നും, കിം ജോങ് ഉന്നും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കും. ഇരുകൊറിയകളും തമ്മില്‍ നടക്കുന്ന ചര്‍ച്ച ആണവനിരായുധീകരണം ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ക്കു വീണ്ടും ഊര്‍ജ്ജം പകരുമെന്നാണു ദക്ഷിണ കൊറിയ കരുതുന്നത്. 

ഘട്ടം ഘട്ടമായുള്ള ആണവനിരായുധീകരണം സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ മൂണ്‍ കിമ്മിനു കൈമാറും. കൊറിയന്‍ യുദ്ധവിരാമ ഉടമ്പടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസിന്‍റെ ഉറപ്പും മൂണ്‍ അറിയിക്കും. ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇടനിലക്കാരായി ദക്ഷിണ കൊറിയ പ്രവര്‍ത്തിക്കുമെന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ന്യൂയോര്‍ക്കില്‍ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലി യോഗത്തിനിടെ ട്രംപിനെ കാണുന്ന മൂണ്‍, കിമ്മുമായുള്ള ചര്‍ച്ചകളുടെ പുരോഗതി ധരിപ്പിക്കും.