ഇസ്രായേല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മോദിക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ്

  

Updated: Feb 9, 2018, 04:37 PM IST
ഇസ്രായേല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മോദിക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ്

റാമല്ല: ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ്. ശനിയാഴ്ച മോദി പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മഹ്മൂദിന്‍റെ പ്രസ്താവന. 

മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഇസ്രായേലുമായി അന്തിമ തീരുമാനത്തിലെത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ചും മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന തരത്തിലുള്ള സ്വീകരണമായിരിക്കും മോദിക്ക് ഒരുക്കുകയെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു.

സമാധാന ശ്രമങ്ങള്‍, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്‌നങ്ങള്‍ ഇവയെല്ലാം മോദിയുമായി ചര്‍ച്ച ചെയ്യും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു നിര്‍ണായക സ്ഥാനം ഇന്ത്യയ്ക്കു വഹിക്കാനാകും. രാജ്യാന്തര തലത്തില്‍ ഇന്ത്യ ബഹുമാന്യമായ രാജ്യമാണ്. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണ വ്യക്തമാക്കുന്നതാണു മോദിയുടെ സന്ദര്‍ശനമെന്നും അബ്ബാസ് പറഞ്ഞു.

ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും അബ്ബാസ് വ്യക്തമാക്കി. ശനിയാഴ്ചയാണു മോദി പലസ്തീനിലെത്തുന്നത്. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close