പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിന്; ആങ് സാന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തും

റോഹിങ്ക്യന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിനൊരുങ്ങി പോപ്പ് ഫ്രാന്‍സിസ്. നവംബറില്‍ ഇരുരാജ്യങ്ങള്‍ പോപ്പ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചിയുമായും മിലിട്ടറി നേതൃത്വവുമായും മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. 

Updated: Oct 10, 2017, 08:04 PM IST
പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിന്; ആങ് സാന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാന്‍ സിറ്റി: റോഹിങ്ക്യന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിനൊരുങ്ങി പോപ്പ് ഫ്രാന്‍സിസ്. നവംബറില്‍ ഇരുരാജ്യങ്ങള്‍ പോപ്പ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചിയുമായും മിലിട്ടറി നേതൃത്വവുമായും മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. 

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 2 വരെയായിരിക്കും പോപ്പിന്‍റെ ദ്വിരാഷ്ട്ര സന്ദര്‍ശനം. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തേതും ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന രണ്ടാമത്തേയും മാര്‍പ്പാപ്പയാണ് പോപ്പ് ഫ്രാന്‍സിസ്. 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. 

മ്യാന്‍മറിലെ പ്രമുഖ ബുദ്ധസന്യാസിമാരുമായും മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ പിന്തുണയുള്ള സംഘ മഹാനായക കമ്മിറ്റിയിലെ ബുദ്ധിസ്റ്റുകളുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തും. 

റോഹിങ്ക്യകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഓഗസ്റ്റില്‍ പോപ്പ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടിരുന്നു. പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ക്രിസ്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ റോഹിങ്ക്യകള്‍ നേരിടുന്ന അതിക്രമത്തെ അപലപിക്കുകയും ചെയ്തു. സ്വന്തം സംസ്കാരവും മുസ്ലിം മതവിശ്വാസവും മുറുകെ പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന റോഹിങ്ക്യകള്‍ ഉപദ്രവിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന പോപ്പ് ഫ്രാന്‍സിസ് പ്രസ്താവന ചര്‍ച്ചയായിരുന്നു.