വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഖത്തര്‍ എയര്‍വെയ്‌സിന്‍റെ സ്‌റ്റോപ്ഓവര്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി

ഖത്തര്‍ എയര്‍വെയ്‌സ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആരംഭിച്ച സ്‌റ്റോപ്ഓവര്‍ പാക്കേജ് എന്ന പദ്ധതി ഈ വര്‍ഷം മുഴുവന്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ അവസാനിക്കേണ്ട ഈ പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 31 വരെ നീട്ടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രികര്‍ക്ക് സൗജന്യമായി ഖത്തറിലെ ആഡംബര ഹോട്ടലുകളില്‍ താമസ സൗകര്യവും സൗജന്യ സന്ദര്‍ശക വിസയും ലഭ്യമാക്കുന്നതാണ് പാക്കേജ്. ഖത്തര്‍ എയര്‍വെയ്‌സിന്‍റെ 20ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്‌റ്റോപ്ഓവര്‍ പദ്ധതി പ്രഖ്യാപിച്ചത്.

Updated: Oct 10, 2017, 03:10 PM IST
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഖത്തര്‍ എയര്‍വെയ്‌സിന്‍റെ സ്‌റ്റോപ്ഓവര്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആരംഭിച്ച സ്‌റ്റോപ്ഓവര്‍ പാക്കേജ് എന്ന പദ്ധതി ഈ വര്‍ഷം മുഴുവന്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ അവസാനിക്കേണ്ട ഈ പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 31 വരെ നീട്ടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രികര്‍ക്ക് സൗജന്യമായി ഖത്തറിലെ ആഡംബര ഹോട്ടലുകളില്‍ താമസ സൗകര്യവും സൗജന്യ സന്ദര്‍ശക വിസയും ലഭ്യമാക്കുന്നതാണ് പാക്കേജ്. ഖത്തര്‍ എയര്‍വെയ്‌സിന്‍റെ 20ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്‌റ്റോപ്ഓവര്‍ പദ്ധതി പ്രഖ്യാപിച്ചത്.

രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഇത് മെയ് മാസത്തിലാണ് ആരംഭിച്ചത്. 

വേനല്‍ക്കാലത്ത് ഖത്തറിലേക്ക് സ്വാഭാവികമായും വിനോദസഞ്ചാരികള്‍ കുറയുന്ന സമയമാണ്. ഈ പദ്ധതി വഴി  കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ക്യുടിഎ (ഖത്തര്‍ ടൂറിസം അതോറിറ്റി)യുടെ സഹകരണത്തോടെ ഖത്തര്‍ എയര്‍വെയ്‌സ് പ്ലസ് ഖത്തര്‍ എന്നപേരില്‍ പ്രത്യേക സ്‌റ്റോപ്ഓവര്‍ പാക്കേജ് പ്രഖ്യാപിച്ചത്. 
 
പദ്ധതി വന്‍വിജയമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ ഖത്തര്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ 34% വര്‍ധനയുണ്ട്. പാക്കേജനുസരിച്ച് ഒരു ലക്ഷത്തോളംപേര്‍ ദോഹ സന്ദര്‍ശിച്ചു കഴിഞ്ഞു.

നഗരസന്ദര്‍ശനത്തിനും ഡെസേര്‍ട്ട് സഫാരിക്കും, ആഡംബര ദൗ ബോട്ടില്‍ കടലില്‍ ചുറ്റാനും ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യവും പാക്കേജിന്റെ ഭാഗമാണ്. ഖത്തറിനെ അടുത്തറിയാനും അറേബ്യന്‍ ആതിഥ്യമര്യാദ നേരില്‍ മനസിലാക്കാനും ഇതിലൂടെ സഞ്ചാരികള്‍ക്കാവും. ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിദേശരാജ്യങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കാന്‍ ക്യുടിഎ രൂപംകൊടുത്ത ഡിസ്‌കവര്‍ ഖത്തര്‍ എന്ന കമ്പനിയാണ് സ്‌റ്റോപ്ഓവര്‍ പാക്കേജിന്റെ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നത്. 

ബഹുനഗര യാത്രയ്ക്ക് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കെല്ലാം പാക്കേജ് ലഭ്യമാണ്. ടിക്കറ്റ് കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ തങ്ങാനിഷ്ടമുള്ള ഹോട്ടല്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്. 96 മണിക്കൂര്‍ നേരത്തേക്കുള്ള ട്രാന്‍സിറ്റ് വീസക്കും സൗജന്യമായി അപേക്ഷിക്കാം. പ്രീമിയം, ഇക്കോണമി ടിക്കറ്റുകളില്‍ പാക്കേജ് ലഭ്യമാണ്. ഹമദ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് മൂന്നുകോടി യാത്രക്കാരാണ്. ഇവരില്‍ കഴിയുന്നത്ര പേരെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.