എയർ ഇന്ത്യയ്ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു

എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 

Updated: Mar 6, 2018, 12:06 PM IST
എയർ ഇന്ത്യയ്ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 

യുഎസ് പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി മാധ്യമങ്ങളോടു സംസാരിക്കവെയാണ് നെതന്യാഹു ഇപ്രകാരം അഭിപ്രായപ്പെട്ടത്. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. അതേസമയം, സൗദി അധികൃതർ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എയര്‍ ഇന്ത്യയും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു നടപ്പായിരുന്നില്ല.

നിലവിൽ ഇസ്രയേലിന്‍റെ ടെൽ അവീവ് – മുംബൈ വിമാനങ്ങൾ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്. ടെൽ അവീവിൽനിന്നു നേരെ പറന്നാൽ സൗദി അറേബ്യ, യുഎഇ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കാനാകും. സൗദി അറേബ്യയുടെ അനുമതിയില്ലാത്തതിനാല്‍ ഇന്ത്യ-ഇസ്രയേല്‍ വിമാനങ്ങള്‍ നിലവില്‍ ചെങ്കടൽ, ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്നാണ് ഇന്ത്യയിലെത്തുന്നത്.