ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ശരിവെച്ച് യു എസ് കോടതി

    

Updated: Dec 5, 2017, 02:52 PM IST
ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ശരിവെച്ച് യു എസ് കോടതി

ന്യൂയോര്‍ക്ക്: ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നടപടി യു എസ് സുപ്രീംകോടതി ശരിവെച്ചു. നിരോധം പ്രാബല്യത്തില്‍ കൊണ്ടുവരാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കീഴ്‌ക്കോടതികള്‍ യാത്രാവിലക്കിന് പ്രഖ്യാപിച്ച സ്റ്റേ നീങ്ങി.

ജനുവരിയിലാണ് ഒമ്പത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിട്ടത്. 90 ദിവസത്തേക്കായിരുന്നു ഈ നിരോധം. കൂടാതെ രാജ്യത്തേക്കുള്ള അഭയാര്‍ഥികളുടെ വരവ് പൂര്‍ണമായും തടഞ്ഞു. എന്നാല്‍ മാര്‍ച്ചില്‍ ഇറാഖിനെ നിരോധന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള നിരോധനം എടുത്തു കളയുകയും ചെയ്തു. ജൂണില്‍ യാത്രാ നിരോധത്തെ സുപ്രീംകോടതി അംഗീകരിച്ചു. ട്രംപിന്‍റെ മൂന്നാമത്തെ ഉത്തരവ് സെപ്തംബറിലാണ് ഇറങ്ങുന്നത്. നോര്‍ത്ത് കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്ക് അന്ന് നിരോധം ഏര്‍പ്പെടുത്തി.  അധികാരത്തിലെത്തിയ ഡൊണള്‍ഡ് ട്രംപിന്‍റെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ, റിച്ചമണ്ട്, വിര്‍ജീനിയ എന്നിവിടങ്ങളിലെ ഫെഡറല്‍ കോടതികളും ഈ വിഷയത്തില്‍ കൂടുതല്‍ വാദങ്ങള്‍ ഈ ആഴ്ച കേള്‍ക്കും.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close