ഒരു ചൂര മീനിന് ലഭിച്ച വില വെറും 21 കോടി!!

ജപ്പാനിലെ ടോക്കിയോയില്‍ പുതുവര്‍ഷത്തില്‍ നടന്ന ലേലത്തിലാണ് കിമുറ റെക്കോഡ് വിലയ്ക്ക് ട്യൂണയെ സ്വന്തമാക്കിയത്.   

Last Updated : Jan 6, 2019, 04:08 PM IST
ഒരു ചൂര മീനിന് ലഭിച്ച വില വെറും 21 കോടി!!

ജപ്പാന്‍: ഒരു മത്സ്യത്തിന് ലഭിച്ച വില കേട്ടാല്‍ ഞെട്ടും എത്രയാണെന്നോ? 21 കോടി രൂപ അതായത് 31 ലക്ഷം ഡോളര്‍. ബ്ലൂഫിന്‍ ട്യൂണയെന്ന് അറിയപ്പെടുന്ന മത്സ്യത്തിനാണ് ഈ റെക്കോഡ് വില കിട്ടിയത്. ഹോട്ടല്‍ വ്യാപാരി കിയോഷ് കിമുറയാണ് ലേലത്തിലൂടെ 278 കിലോ തൂക്കമുള്ള ബ്ലൂഫിന്‍ ട്യൂണയെ വാങ്ങിയത്.

ജപ്പാനിലെ ടോക്കിയോയില്‍ പുതുവര്‍ഷത്തില്‍ നടന്ന ലേലത്തിലാണ് കിമുറ റെക്കോഡ് വിലയ്ക്ക് ട്യൂണയെ സ്വന്തമാക്കിയത്. ഒരു കിലോയ്ക്ക് ഏകദേശം 7.93 ലക്ഷം രൂപയാണ് ഈ ബ്ലൂഫിന്‍ ട്യൂണയക്ക് വേണ്ടി ചെലവാക്കിയത്. കിയോഷ് കിമുറ വാങ്ങിയ ബ്ലൂഫിന്‍ ട്യൂണയെ അദ്ദേഹം പ്രദര്‍ശപ്പിച്ചത് കാണാന്‍ നിരവധി പേരാണ് എത്തിയത്.

‘ട്യൂണ രാജാവ്’ എന്നാണു കിമുറ സ്വയം വിശേഷിപ്പിച്ചത്.

2013ലെ ബ്ലൂഫിന്‍ ട്യൂണയുടെ റെക്കോഡാണ് കിമുറ പുതുവര്‍ഷത്തില്‍ തകര്‍ത്തത്. ട്യൂണയുടെ രുചിയാണ് മാര്‍ക്കറ്റ് പിടിച്ചടക്കുന്നതിന് പിന്നിലുള്ള കാരണം. ജപ്പാന്‍കാരുടെ പ്രിയപ്പെട്ട മത്സ്യമാണ് ട്യൂണ. സുഷി വിഭവങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ട്യൂണ.

സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സുഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ വരിവരിയായി എത്തുമെന്നാണ് കിമുറ പ്രതീക്ഷിക്കുന്നത്.  

വിലകൂടിയ ട്യൂണ മത്സ്യം വില്‍പ്പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ ലോകപ്രശസ്തമാണ്. 1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്. 

ലോകത്ത് ട്യൂണ മത്സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുള്ള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ വളരെ പ്രയാസമുള്ളതിനാല്‍ കറുത്ത വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്. ഇതിന്‍റെ ചെറിയ കഷ്ണം വാങ്ങണമെന്നുണ്ടെങ്കില്‍ തന്നെ ആയിരങ്ങള്‍ മുടക്കേണ്ടിവരും.

Trending News