അമേരിക്കയുടെ സംയുക്ത ആക്രമണത്തെ ചെറുത്ത് സിറിയ; പോര്‍വിളി യുദ്ധത്തിലേക്കെന്ന് മാധ്യമങ്ങള്‍

സിറിയ കേന്ദ്രീകരിച്ച് ലോകരാജ്യങ്ങള്‍ നടത്തുന്ന പോര്‍വിളിയും ആക്രമണങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്ന് വിദേശമാധ്യമങ്ങള്‍

Updated: Apr 14, 2018, 07:43 PM IST
അമേരിക്കയുടെ സംയുക്ത ആക്രമണത്തെ ചെറുത്ത് സിറിയ; പോര്‍വിളി യുദ്ധത്തിലേക്കെന്ന് മാധ്യമങ്ങള്‍

ദമാസ്കസ്: ഫ്രാന്‍സിന്‍റെയും ബ്രിട്ടണിന്‍റെയും സഹായത്തോടെ അമേരിക്ക നടത്തിയ സംയുക്ത വ്യോമാക്രമണത്തെ അപലപിച്ച് സിറിയ. അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണ് ആക്രമണമെന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ 'സന' (SANA) അഭിപ്രായപ്പെട്ടു. 

റഷ്യയുടെ പിന്തുണയെ വെല്ലുവിളിച്ച് സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വ്യോമാക്രമണം നടത്തിയിരുന്നു. പ്രാദേശിക സമയം രാവിലെ നാല് മണിക്ക് ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമരിക്ക സംയുക്ത വ്യോമാക്രമണം നടത്തിയതായി 'സന' സ്ഥിരീകരിച്ചു. 

ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. കൂടാതെ ദമാസ്കസിലെ സയന്‍സ് ലാബും പരിശീലന കേന്ദ്രവും നശിപ്പിക്കപ്പെട്ടു. ഇവ രാസായുധ കേന്ദ്രങ്ങളായിരുന്നുവെന്നാണ് അമേരിക്കയുടെ വാദം. അമേരിക്കന്‍ ആക്രമണത്തെ ശക്തമായി ചെറുക്കുമെന്ന് ദമാസ്കസ് ഭരണകൂടം വ്യക്തമാക്കി. സൈനിക നടപടിയുടെ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കി. 

സിറിയ കേന്ദ്രീകരിച്ച് ലോകരാജ്യങ്ങള്‍ നടത്തുന്ന പോര്‍വിളിയും ആക്രമണങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്ന് വിദേശമാധ്യമങ്ങള്‍ ആശങ്ക പങ്കു വച്ചു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close