യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: അക്രമിയെ തിരിച്ചറിഞ്ഞു

യുട്യൂബിലേക്ക് വീഡിയോ നിര്‍മ്മിച്ചു നല്‍കിയിരുന്ന നസീം നജാഫി അഗ്ദമാണ് വെടിയുതിര്‍ത്തത്. യുട്യൂബ് ആസ്ഥാനത്ത് വെടിയുതിര്‍ത്തതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. 

Last Updated : Apr 4, 2018, 02:44 PM IST
യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: അക്രമിയെ തിരിച്ചറിഞ്ഞു

സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയ യുവതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. യുട്യൂബിലേക്ക് വീഡിയോ നിര്‍മ്മിച്ചു നല്‍കിയിരുന്ന നസീം നജാഫി അഗ്ദമാണ് വെടിയുതിര്‍ത്തത്. യുട്യൂബ് ആസ്ഥാനത്ത് വെടിയുതിര്‍ത്തതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. 

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവെപ്പ് നടന്നത്. യുട്യൂബ് ആസ്ഥാനത്തേക്ക് വന്ന നസീം നജാഫി യാതൊരു പ്രകോപനവുമില്ലാതെ വെടി വയ്ക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനായി ജീവനക്കാര്‍ പുറത്തേക്ക് വരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം നസീം നജാഫി യുട്യൂബിലേക്ക് വീഡിയോ നിര്‍മ്മിച്ചു നല്‍കുകയും അതില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ഉപജീവനം നടത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് യുട്യൂബ് നസീം നജാഫിയുടെ വീഡിയോകള്‍ക്ക് പര്യാപ്തമായ തുക നല്‍കിയിരുന്നില്ലെന്ന് നസീമിന്‍റെ പിതാവ് പറയുന്നു. ഈ വിഷയത്തില്‍ യുട്യൂബിനെതിരെ കടുത്ത അമര്‍ഷം നസീമിന് ഉണ്ടായിരുന്നെന്നും നസീമിന്‍റെ പിതാവ് വ്യക്തമാക്കി. ഇതാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍റ പ്രാഥമിക നിഗമനം. 

നസീം നജാഫിയുടെ യുട്യൂബ് അക്കൗണ്ടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. വീഡിയോകള്‍ക്ക് അര്‍ഹമായ തുക നല്‍കിയിരുന്നില്ലെന്ന നസീം നജാഫിയുടെ ആരോപണങ്ങള്‍ക്കെതിരെ യുട്യൂബ് പ്രതികരിച്ചിട്ടില്ല. 

Trending News