)
റിയാലിറ്റി ഷോ താരത്തന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. മുംബൈ സ്വദേശിയായ അംജുദ് ഇസ്ലാം (19) എന്ന യുവാവാണ് പിടിയിലായത്. കാസർകോട് പൊലീസാണ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയുടെ സഹോദരനുമായി അംജുദ് ഫേസ്ബുക്കിലൂടെയാണ് പാൻ ഫൈറ്റ് നടത്തിയത്. ഒരു ഹിന്ദി റിയാലിറ്റി ഷോ താരത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്പോര് സംഭവിച്ചത്.
ഈ ഫാൻ ഫൈറ്റിന്റെ പ്രതികാരം എന്ന നിലയ്ക്കാണ് പ്രതി പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. കാസര്‍കോട് സ്വദേശിയുടെ സഹോദരിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് പ്രതി നഗ്നചിത്രങ്ങള്‍ ചേര്‍ത്ത് മോര്‍ഫ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് പ്രതി കൃത്യം നടത്തിയത്. മുംബൈ സ്വദേശിയാണ് പ്രതിയെന്ന് മനസിലാക്കിയ പൊലീസ് പ്രതിയെ കൂടാനായി മുംബൈയിലെത്തി. ഇയാളുടെ സൈബർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് 5 ദിവസത്തെ തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ തന്നെ പോക്സോ, ഐടി ആക്ടുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോസ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയത്.