)
കോഴിക്കോട്: കല്യാണ ആവശ്യത്തിനെന്ന് കള്ളം പറഞ്ഞ് ചെമ്പ് ഉൾപ്പെടെയുള്ള പാത്രങ്ങൾ വാടക സ്റ്റോറിൽ നിന്നും വാങ്ങി ആക്രിക്കടയില്‍ മറിച്ചുവിറ്റ ആളെ തേടി പൊലീസ്. കോഴിക്കോട് താമരശ്ശേരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച രാവിലെ പരപ്പന്‍പൊയിലിലെ ഒകെ സൗണ്ട്സിലെത്തിയാണ് യുവാവ് കല്യാണ വീട്ടിലേക്കെന്ന് പറഞ്ഞ് സാധനങ്ങൾ വാങ്ങിയത്. രണ്ട് വലിയ ബിരിയാണി ചെമ്പുകള്‍, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവയാണ് ഇയാള്‍ വാടകയ്ക്ക് എടുത്തത്. ഗുഡ്സ് ഓട്ടോ വിളിച്ചാണ് അവിടെ നിന്നും ഇയാൾ പാത്രങ്ങള്‍ കൊണ്ടുപോയത്.
താമരശേരിക്ക് സമീപമുള്ള അണ്ടോണയിലെ വീട്ടിലേക്കാണെന്നു പറഞ്ഞാണ് മോഷ്ടാവ് പാത്രങ്ങള്‍ എടുത്ത് കൊണ്ടുപോയത്. ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച തിരിച്ചേല്‍പ്പിക്കാം എന്ന് പറഞ്ഞാണ് പ്രതി സാധനങ്ങൾ കൊണ്ടുപോയതെന്ന് സ്റ്റോർ ഉടമ റഫീഖ് പറയുന്നു. ഇയാളുടെ ഫോണ്‍ നമ്പറും അഡ്രസും വാങ്ങിയിരുന്നുവെന്നും സൽമാൻ എന്നാണ് പേര് പറഞ്ഞതെന്നും റഫീഖ് പറഞ്ഞു. പറഞ്ഞ സമയത്ത് പാത്രം എത്തിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കൊടുത്ത അഡ്രസ് വ്യാജമായിരുന്നുവെന്ന് മനസിലായത്. ഫോൺ നമ്പറിൽ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫും ആയിരുന്നു.
പാത്രങ്ങള്‍ കൊണ്ടുപോയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അണ്ടോണയിലല്ല പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് മോഷ്ടാവിനെ ഇറക്കിയതെന്ന് മനസ്സിലായത്. പൂനൂരിലെ ആക്രിക്കടയിലെത്തി റഫീഖ് തന്റെ പാത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താമരശ്ശേരി പൊലീസില്‍ പരാതിയും നല്കി. ചട്ടുകം, കോരി എന്നിവ വില്‍പ്പന നടത്തിയിട്ടില്ല. പ്രതിക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.