)
തൃശൂർ: ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ ഡിസംബർ 1 ന് നടക്കും. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ഏകാദശി ദിവസം തിരക്കേറും എന്നതിനാൽ ദേവസ്വം ഭരണസമിതിയും തന്ത്രിയും ഈ ദിവസത്തെ ഉദയാസ്തമയ പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു.
ഈ വർഷവും ഇതേ രീതി തുടരാനുള്ള തീരുമാനമാണ് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ തിരുത്തിയത്. ദേവസ്വം നിശ്ചയിച്ചിരുന്ന തുലാമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ നവംബർ 2 ന് ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. സുപ്രീംകോടതി വിധി പഠിച്ച ശേഷം ദേവസ്വം ഭരണസമിതിയുടെ നിർദേശം അനുസരിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞത്.
ഏകാദശി ദിവസം ക്ഷേത്രത്തിൽ പതിവുള്ള ഉദയാസ്തമയ പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് ആചാരലംഘനമാണെന്ന് കാണിച്ച് തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ ഏകാദശിക്കും തുല്യ പ്രാധാന്യമാണെന്നും നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ വഴിപാടു മാത്രമാണെന്നുമാണ് ദേവസ്വം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റാൻ ദേവസ്വം ഭരണസമിതിക്ക് അവകാശമുണ്ടെന്നും ക്ഷേത്രത്തിലെ പൂജകളെ സംബന്ധിച്ച അവസാന വാക്ക് ക്ഷേത്രം തന്ത്രിയാണെന്നും വാദിക്കുകയുമുണ്ടായി. എന്നാൽ ഭക്തരുടെ തിരക്കു കൂടുന്നതിന് അനുസരിച്ച് തന്ത്രിക്കോ ദേവസ്വം ഭരണസമിതിക്കോ ആചാരങ്ങൾ മാറ്റാൻ അധികാരമില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.