)
കൊച്ചി: റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താനും നിഷ്പക്ഷ നിലപാട് തുടരാനുമുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) തീരുമാനത്തെ സ്വാഗതം ചെയ്ത് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്. മാറുന്ന സാമ്പത്തിക സാഹചര്യങ്ങളെ വിവേകത്തോടും ദീർഘവീക്ഷണത്തോടും വിലയിരുത്തിയതിന്റെ ഫലമാണിതെന്ന് ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ആഭ്യന്തര വിപണിയിലെ ആവശ്യകതയും 2026-27 സാമ്പത്തിക വർഷത്തെ വളർച്ചാ സാധ്യതകളും ശക്തമായി തുടരുകയാണ്. എങ്കിലും ഭൗമരാഷ്ട്രീയ വിഷയങ്ങൾ, ഊർജവിലയിലെ മാറ്റങ്ങൾ, ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ എന്നിവ കാരണം പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ജാഗ്രത തുടരണമെന്നാണ് ധനനയ സമിതി വ്യക്തമാക്കുന്നത്. നിലവിലെ നയങ്ങൾ തുടരുമ്പോഴും ആവശ്യമായ സാഹചര്യങ്ങളിൽ ഇളവുകൾക്ക് അവസരം നൽകുന്നതിലൂടെ, സാമ്പത്തിക വളർച്ചയ്ക്കും സ്ഥിരതയ്ക്കും ഇടയിൽ മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ആർ.ബി.ഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതും വിപണിയിലെ ആവശ്യകത ശക്തമായി നിലനിൽക്കുന്നതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഫണ്ടിംഗ് ചെലവുകളിലും വായ്പാ ആസൂത്രണത്തിലും കൂടുതൽ വ്യക്തത നൽകും. കൂടാതെ തടസ്സമില്ലാത്ത വായ്പാ വിതരണത്തിന് ഇത് അനുകൂല സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായ്പ നൽകുന്നവർക്കും എടുക്കുന്നവർക്കും ഒരുപോലെ ഗുണകരമാണ് പലിശനിരക്കിലെ ഈ സ്ഥിരത. ഇത് ബിസിനസ് മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം ഉൽപ്പാദനക്ഷമമായ ആവശ്യങ്ങൾക്കുള്ള വായ്പകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ കുടുംബങ്ങൾക്കും സംരംഭകർക്കും എം.എസ്.എം.ഇകൾക്കും കൃത്യസമയത്ത് സാമ്പത്തിക സഹായം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ആർ.ബി.ഐയുടെ ഈ നയസമീപനം സമ്പദ്വ്യവസ്ഥയിലുടനീളം സുസ്ഥിരമായ വായ്പാ വളർച്ചയ്ക്ക് തുടർന്നും കരുത്തേകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.