സുപ്രധാന പ്രഖ്യാപനവുമായി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) സ്ഥാപകനും ചെയർമാനുമായ ഡോ. സുഭാഷ് ചന്ദ്ര. ഓഹരി ഉടമകളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 2,237 കോടി രൂപയുടെ പ്രൊമോട്ടർ നിക്ഷേപ പദ്ധതിക്ക് സീ ബോർഡ് അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു. സീ ബിസിനസ് മാനേജിംഗ് എഡിറ്റർ അനിൽ സിംഗ്‌വിയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് സുഭാഷ് ചന്ദ്ര ഇക്കാര്യം അറിയിച്ചത്. പ്രൊമോട്ടർ ഓഹരി 18 ശതമാനത്തിലധികം വർധിപ്പിക്കും. മാർച്ച് 31ലെ കണക്ക് പ്രകാരം ZEEL-ന്റെ പ്രൊമോട്ടർ ഗ്രൂപ്പ് ഓഹരി എന്ന് പറയുന്നത് 3.99 ശതമാനമായിരുന്നു.
കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്ന സമയത്ത് പ്രൊമോട്ടർ ഓഹരി വിൽക്കേണ്ടി വന്ന കമ്പനിയുടെ അവസ്ഥയെ കുറിച്ചും ഡോ. ചന്ദ്ര സംസാരിച്ചു. 2019 ജനുവരി 25ന് ആയിരുന്നു അങ്ങനൊരു അവസ്ഥ കമ്പനി നേരിട്ടത്. 40,000 കോടിയിലധികം രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിന് വേണ്ടി സീയുടെ 44 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. ഇതോടെ സീയിലെ പ്രൊമോട്ടർമാരുടെ ഓഹരി വെറും 4 ശതമാനമായി കുറഞ്ഞു.
വേറെയും നിരവധി പ്രശ്നങ്ങൾ സീ എൻ്റെർടെയ്ൻമെൻ്റിനെ ബാധിച്ചുവെന്ന് ഡോ. ചന്ദ്ര പറഞ്ഞു. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ ബിസിനസ്സിലെ തെറ്റുകൾ. ഇത് തെറ്റായ ആളുകളുടെ കൈകളിലേക്കാണ് എത്തിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കടങ്ങൾ വീട്ടിയ ശേഷം, റിക്കവറി തുക ഇപ്പോൾ വീണ്ടും കമ്പനിയിൽ തിരികെ നിക്ഷേപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: PM Modi Receives Ghana's National Honour: പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതി
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകളിലൊന്നായ ജെപി മോർഗന്റെ ഉപദേശപ്രകാരം, പ്രൊമോട്ടർ ഗ്രൂപ്പിന് 16,95,03,400 കൺവേർട്ടിബിൾ വാറന്റുകൾ നൽകാൻ ബോർഡ് അംഗീകാരം നൽകുകയായിരുന്നുവെന്ന് ഡോ. ചന്ദ്ര പറഞ്ഞു. പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയിൽ മൊത്തം 22,37,44,48,800 രൂപയാണ് നിക്ഷേപിക്കുന്നത്. ഇതോടെ കമ്പനിയിലെ പ്രൊമോട്ടർമാരുടെ മൊത്തം ഓഹരി 18.39 ശതമാനമായി വർധിക്കുകയും ചെയ്യുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കമ്പനിക്ക് ഒരു 'ബൂസ്റ്റർ ഡോസ്' ആയി ഈ പദ്ധതി മാറുമെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.
വിപണി വിലയേക്കാൾ ഉയർന്ന വിലയിൽ വാങ്ങുന്നത് എന്തിന് എന്ന ചോദ്യത്തിനും ഡോ. ചന്ദ്രയുടെ കയ്യിൽ ഉത്തരമുണ്ട്. പ്രൊമോട്ടർമാർ ഓരോ വാറന്റിനും 132 രൂപ നിരക്കിലാണ് ഓഹരികൾ വാങ്ങുന്നത് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും മികച്ച വശം. റെഗുലേറ്ററി വിലയേക്കാൾ (128.58 രൂപ) കൂടുതലാണ് ഇതെന്നാണ് ഡോ. ചന്ദ്ര പറയുന്നത്. കമ്പനിയുടെ ഭാവിയെക്കുറിച്ച് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറയുന്നു.
പ്രൊമോട്ടർമാരുടെ ഓഹരി വർധനവ് ഓഹരി ഉടമകൾക്ക് എങ്ങനെ പ്രയോജനം ചെയ്യമെന്ന ചോദ്യത്തിന് ഈ പദ്ധതിയിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുമെന്ന് ഡോ. ചന്ദ്ര പറഞ്ഞു. പ്രൊമോട്ടർമാരുടെ ഓഹരി 4 ശതമാനം മാത്രമായിരുന്നത് ഓഹരി ഉടമകളിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പ്രൊമോട്ടർമാർക്കല്ലാതെ മറ്റാർക്കും സീ പോലെ സങ്കീർണമായ ബിസിനസ് നടത്താൻ കഴിയില്ലെന്ന് മൈനോറിറ്റി ഓഹരി ഉടമകളും വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പ്രൊമോട്ടർമാരുടെ ഓഹരി വർധിപ്പിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസവും വർധിപ്പിക്കും.
ചിലർക്ക് ഇനിയും പണം നൽകാനുണ്ടെന്നും, അത് നിശ്ചിത തീയതിയിൽ നൽകിക്കൊണ്ടിരിക്കുകയാണെന്നും ഡോ. ചന്ദ്ര പറഞ്ഞു. കൂടാതെ, സംസ്ഥാന സർക്കാരുകളിൽ നിന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പണവും ലഭിക്കാനുണ്ട്. 4-5 വർഷമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും ഡോ. ചന്ദ്ര വ്യക്തമാക്കി.
സീയിലെ തങ്ങളുടെ ഓഹരി കൂട്ടാൻ നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിച്ച് കമ്പനിയുടെ ഉടമകൾ തന്നെ അവരുടെ ഓഹരി വർധിപ്പിക്കുമ്പോൾ, അതും വിപണി വിലയേക്കാൾ ഉയർന്ന വിലയിൽ ആകുമ്പോൾ അത് ഭാവിയിൽ കമ്പനിയുടെ വളർച്ച പ്രതീക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണെന്ന് ഡോ. ചന്ദ്ര പറഞ്ഞു. കമ്പനിയെ ഇത് സാമ്പത്തികമായി കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ ഇത് ഓഹരിയുടെ പ്രകടനത്തിൽ നേരിട്ട് സ്വാധീനം ചെലുത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









