ഇടുക്കി: അടിമാലിയില്‍ അര്‍ബുധബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് മോഷണം നടത്തിയതായി പരാതി. അടിമാലി എസ് എന്‍ പടി സ്വദേശിനിയായ ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം പണവുമായി കടന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് കവർച്ച നടന്നത്. ചികിത്സയ്ക്കായി ഉഷയ്ക്ക് വേണ്ടി പൊതുധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയാണ് മോഷണം പോയത്.
ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ ചെയ്ത ശേഷം ഇന്നലെയാണ് ഉഷ വീട്ടില്‍ തിരിച്ചെത്തിയത്. ഇന്ന് രാവിലെ മകള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് ജോലിക്കുമായി പോയ സമയത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. മോഷ്ടാവ് ഉഷയുടെ വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു.
Also Read: Rapper Vedan Case: 'വിദേശ പരിപാടിക്ക് പോകണം'; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വേടൻ
പിന്നീട് പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16500 രൂപയുമായി കള്ളന്‍ കടന്ന് കളഞ്ഞു. സമീപവാസിയായ മറ്റൊരാള്‍ വീട്ടിലെത്തിയ സമയത്താണ് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്. ഉഷയുടെ ചികിത്സക്കായി പൊതുധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയില്‍ ബാക്കിയുണ്ടായിരുന്ന തുകയാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് ഉഷ വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയം മാസ്‌ക്ക് ധരിച്ച ഒരു യുവാവ് വീട്ടില്‍ എത്തുകയും ചികിത്സക്ക് സഹായിക്കാനെന്ന വ്യാജേന വീട്ടിലെ വിവരങ്ങളത്രയും ചോദിച്ചറിഞ്ഞിരുന്നതായും ഉഷ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









