)
കോഴിക്കോട്: ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും വാദവുമായി മുഖ്യപ്രതി നൗഷാദ്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് വിദേശത്തുള്ള നൗഷാദ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ രണ്ടുമാസത്തെ വിസിറ്റിങ് വിസയിൽ ഗള്‍ഫിലേക്ക് വന്നതാണെന്നും ഒളിച്ചോടിയില്ലെന്നും നൗഷാദ് പറഞ്ഞു. തിരിച്ചെത്തിയാല്‍ ഉടൻതന്നെ പോലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വീഡിയോയിലൂടെ വ്യക്തമാക്കി.
താനും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രന് പണം നല്‍കാനുണ്ടായിരുന്നു. ഈ പണം കിട്ടാതായപ്പോൾ ഹേമചന്ദ്രനില്നിന്ന് ഒരു കരാര്‍ എഴുതി ഒപ്പിട്ടുവാങ്ങി അയാളെ വീട്ടില്‍ കൊണ്ടുവിട്ടു. അയാളെ വീട്ടില്‍ കൊണ്ടുവിട്ടതിന്റെ ലൊക്കേഷന്‍ തെളിവ് പോലീസിന്റെ കൈയിലുണ്ട്. എന്നാല്‍, അതിനുപിന്നാലെ മൈസൂരുവില്‍നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രന് തങ്ങളുടെ അടുത്തേക്ക് വന്നു. ഒരുദിവസം ബത്തേരിയിലെ വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. അയാള്‍ക്ക് ഭക്ഷണംവരെ താന്‍ വാങ്ങിനല്‍കി. അവിടെ കിടത്തി. എന്നാല്‍, രാവിലെ നോക്കുമ്പോള്‍ ഹേമചന്ദ്രന് ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി മനഃപൂര്‍വം അയാള്‍ അങ്ങോട്ടുവന്നതായിരുന്നു. രാവിലെ ഇത് കണ്ടപ്പോള്‍ താന്‍ സുഹൃത്തിനോട് പറഞ്ഞു. കുഴിച്ചിടുകയല്ലാതെ മറ്റുവഴിയില്ലെന്ന് സുഹൃത്തും പറഞ്ഞു. അങ്ങനെ തങ്ങള്‍ മൂന്നുപേരും കൊണ്ടുപോയി കുഴിച്ചിട്ടെന്നും നൗഷാദ് പറഞ്ഞു.
ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാണ് നൗഷാദ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. എന്നാല്‍, ഹേമചന്ദ്രനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്. അയാള്‍ ആത്മഹത്യചെയ്തതാണ്. അതിനാല്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറല്ല. നല്ല സൗമ്യമായ രീതിയില്‍ പൈസ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. ഹേമചന്ദ്രനുമായി അത്രയും നല്ല സുഹൃദ്ബന്ധമായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ജ്യോതിഷ് കുമാര്‍, ബിഎസ് അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഗള്‍ഫിലുള്ള നൗഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് കണ്ടെത്തൽ. ഇതേതുടർന്നാണ് നൗഷാദ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.