Honor Killing In Tamil Nadu: കുലശേഖരം കാവുവിള സ്വദേശി ധനുഷിനെയാണ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെന്നൈ: കന്യാകുമാരി കുലശേഖരത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. എന്നാൽ, സംഭവം കൊലപാതകം ആണെന്നും ദുരഭിമാന കൊലയാണ് എന്നും മരിച്ച യുവാവിന്റെ കുടുംബം ആരോപിച്ചു. കുലശേഖരം കാവുവിള സ്വദേശി ധനുഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കുലശേഖരം കാവുവിളക്ക് സമീപം മറ്റൊരു വീട്ടിൽ ധനുഷിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ- സ്കൂൾപഠന കാലഘട്ടം മുതൽ സമീപവാസിയായ അന്യമതസ്ഥയായ ഒരു പെൺകുട്ടിയുമായി ധനുഷ് പ്രണയത്തിലായിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.
ഈ സമയവും ഇവരുടെ പ്രണയം ശക്തമായി തന്നെ തുടരുകയായിരുന്നു. പഠനം പൂർത്തിയായ ശേഷം സ്വകാര്യ സ്ഥാപനത്തിൽ ധനുഷ് ജോലിയിൽ പ്രവേശിച്ചു. ഈ സമയം ബന്ധുക്കൾ വഴിയും സുഹൃത്തുക്കൾ വഴിയും പെൺകുട്ടിയുടെ വീട്ടുകാരോട് ധനുഷ് വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും സാമുദായിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു.
പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിക്കാൻ വീട്ടുകാർ നീക്കം നടത്തുന്നുവെന്ന് അറിഞ്ഞതിനെ തുടർന്ന് ധനുഷ് വീട്ടുകാരെ പോലും അറിയിക്കാതെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കുലശേഖരത്ത് എത്തുകയായിരുന്നു.
എന്നാൽ ഇന്ന് പെൺകുട്ടിയുടെ വീടിന്റെ മട്ടുപ്പാവിൽ തൂങ്ങിമരിച്ച നിലയിൽ ധനുഷിന്റെ മൃതദേഹം കണ്ടപ്പോഴാണ് ധനുഷ് നാട്ടിലെത്തിയ വിവരം അറിയുന്നത് എന്ന് ധനുഷിന്റെ കുടുംബം പറയുന്നു. സംഭവം ദുരഭിമാന കൊലയാണെന്നാണ് ധനുഷിന്റെ കുടുംബം ആരോപിക്കുന്നത്.
കുലശേഖരം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആശാരിപ്പള്ളം ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തക്കതായ നടപടി സ്വീകരിക്കാതെ പോസ്റ്റുമോർട്ടം നടപടികളിൽ സഹകരിക്കുകയോ മൃതദേഹം ഏറ്റുവാങ്ങുകയോ ചെയ്യില്ലെന്ന നിലപാടിലാണ് യുവാവിന്റെ കുടുംബം.
അതേസമയം പുലർച്ചെ നോക്കിയപ്പോൾ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നും ഉടൻതന്നെ പോലീസിൽ വിവരമറിയായിരുന്നുവെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ തങ്ങൾക്ക് ഒരുവിധ പങ്ക് ഇല്ലെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.