തമിഴ്നാട്: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊന്നു. കൊല നടത്തിയ ശേഷം യുവാവ് കീഴടങ്ങി. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ അഷ്‌വികയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. അഷ്‌വിക കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. മാതാപിതാക്കൾ ജോലിക്കുപോയ സമയം നോക്കി അഷ്‌വിക വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സ്ഥലത്തു നിന്നും കടന്നു കളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
Also Read: ജൂണിൽ വമ്പൻ ഗ്രഹമാറ്റത്തിലൂടെ ട്രിപ്പിൾ രാജയോഗം; 5 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധന വർഷവും!
പ്രവീണും കുടുംബവും പെൺകുട്ടിയുടെ വീടിനു സമീപത്തായി 5 വർഷത്തോളം താമസിച്ചിരുന്നുവെന്നും ഈ സമയത്താണ് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായതെന്നും പോലീസ് പറയുന്നു. ശേഷം അണ്ണാ നഗറിലേക്കു താമസം മാറിയ പ്രവീൺ പെൺകുട്ടിയെ ഇടയ്ക്കിടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നുമാണ് റിപ്പോർട്ട്.
സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പ്രവീൺ കാണാനിടയായി. ഇതിൽ പ്രകോപിതനായ പ്രവീൺ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംഭവത്തിൽ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









