കൊച്ചി: എറണാകുളത്ത് കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നെല്ലിക്കുഴി മേഖലയിൽ നടത്തിയ പരിശോധനയിൽ ഇരമല്ലൂർ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച 1.05 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ സ്വദേശികളായ ജഹീറുൾ ഷെയ്ക്ക്, സലിം ഭറാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി വിൽപ്പന നടത്തിവന്നിരുന്ന സംഘമാണ് എക്സൈസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ തടയുന്നതിനായി എക്സൈസ് സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ പിബി ലിബു, ബാബു എംടി, സിവിൽ എക്സൈസ് ഓഫീസറായ റസാഖ് കെഎ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.









