Neyyattinkara Priyamvada Murder Case: കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണം എന്നാവശ്യപ്പെട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാണ് പോലീസിന്റെ ആവശ്യം.

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കസ്റ്റഡി അപേക്ഷ നൽകി പോലീസ്. കൂടുതൽ അന്വേഷണത്തിനായി ഏഴ് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. നെയ്യാറ്റിൻകര കോടതിയിലാണ് പോലീസ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
പ്രിയംവദ എന്ന 48 കാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ റിമാൻഡിൽ ആയ സഹോദരങ്ങളെ കസ്റ്റഡിയിൽ ലഭിക്കുന്നതിലേക്ക് വേണ്ടിയാണ് വെള്ളറട പോലീസ് നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രിയംവദയുടെ അയൽവാസി കൂടിയായ വിനോദിനെയും സഹോദരൻ സന്തോഷിനെയും ആണ് കൊലക്കുറ്റം ചുമത്തി കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം ഗ്രാമം അറിയുന്നത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതൽ പ്രിയംവദയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടക്കുമ്പോഴാണ് അയൽവാസിയായ സരസ്വതി പ്രിയംവദയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞത്.
തുടർന്നാണ് സരസ്വതിയുടെ മരുമകൻ വിനോദ് കുറ്റസമ്മതം നടത്തുന്നതും വീടിന് പുറകിലെ കുഴിയിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതും. തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് സഹോദരൻ സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രിയംവദയുടെ മാലയും മൊബൈൽ ഫോണും കണ്ടെത്തുന്നതിനും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനുമാണ് കൂടുതൽ ചോദ്യം ചെയ്യുന്നത്.
ഏഴ് ദിവസത്തേക്ക് ആണ് കസ്റ്റഡി അപേക്ഷ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി പരിഗണിച്ചാൽ നാളെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടെ ലഭിക്കുന്ന പശ്ചാത്തലത്തിൽ പ്രതികൾ ഇതുവരെ നൽകിയ മൊഴികൾ പോലീസ് പുനർ പരിശോധിക്കും.
കൊലപ്പെടുത്തിയ ശേഷം പ്രിയംവദയുടെ മൊബൈൽ ഫോൺ പാറശ്ശാല കളിയിക്കവിള ബസ് യാത്രയ്ക്കിടയിൽ വലിച്ചെറിയുകയായിരുന്നു എന്നാണ് വിനോദ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ വസ്തുത ലഭിക്കുകയുള്ളൂവെന്ന് വെള്ളറട സിഐ വി പ്രസാദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.