ഇരുപത്തി രണ്ടായിരത്തിലധികം പേരെയാണ് ഓപ്പറേഷൻ ഡി ഹണ്ടിലൂടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന് ഡി ഹണ്ടിലൂടെ പോലീസ് ഇതുവരെ പിടിച്ചെടുത്തത് 13.771 കിലോ ഗ്രാം എം.ഡി.എം.എയും 1874.441 കിലോഗ്രാം കഞ്ചാവും. ഇരുപതിനായിരം കേസുകളിലായി ഇരുപത്തി രണ്ടായിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മാര്‍ക്കറ്റിൽ 30 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് ഡി ഹണ്ടിലൂടെ പിടികൂടിയിരിക്കുന്നത്.
2024ലാണ് സംസ്ഥാനത്ത് ഡി ഹണ്ട് ഓപ്പറേഷൻ ആരംഭിക്കുന്നത്. ഇപ്പോള്‍ നാലാം ഘട്ടം പുരോഗമിക്കുകയാണ്. ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 3,33,755 പേരെയാണ് ഡി ഹണ്ടിന്റെ ഭാഗമായി പരിശോധിച്ചത്. ഇതില്‍ 20,924 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും, 22071 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന ലഹരിവസ്തുക്കൾ പോലീസിന്റെ ശക്തമായ പരിശോധനയിലൂടെയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ ഐ.പി.എസ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
2024 ഓഗസ്റ്റ് 20 നും സെപ്റ്റംബർ 1 നും ഇടയിൽ നടന്ന മൂന്നാം ഘട്ടത്തിൽ 2,875 കേസുകളിലായി 2,984 പേരെ അറസ്റ്റ് ചെയ്തിരുന്നു. 189.60 കിലോഗ്രാം കഞ്ചാവും 1.14 ഗ്രാം എംഡിഎംഎയുമാണ് അന്ന് പോലീസ് പിടികൂടിയത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇതുവരെ 14,985 പേരെ പരിശോധനയുടെ ഭാഗമായി അറസ്റ്റ് ചെയ്തു. ഓണാവധിക്കാലത്ത് കേരളത്തിലേക്കുള്ള ലഹരി കടത്ത് തടയാനായി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐജി ശ്യാം സുന്ദര്‍ പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും ശക്തമാക്കും. സ്വകാര്യ മേഖലയിൽ ലഹരി ഉപയോഗം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ ഔദ്യോഗിക കണക്ക് പ്രകാരം 1696.75 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയതെങ്കില്‍ 2024 ലേക്ക് എത്തുമ്പോള്‍ അത് 3879.01 കിലോഗ്രാം ആയി ഉയര്‍ന്നു. 2025 മെയ് മാസം വരെ പിടികൂടിയത് 1971.96 കിലോഗ്രാം ആണ്. 2019 ല്‍ .024 കിലോ ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെങ്കില്‍ 2024ല്‍ അത് 24.71 കിലോഗ്രാമായി. 2025 മെയ് വരെ 11.32 കിലോഗ്രാമും പോലീസ് പിടികൂടി. ഹാഷിഷ്, ഹെറോയിന്‍, ഹാഷിഷ് ഓയില്‍ എന്നിവയും ഡീ ഹണ്ടിലൂടെ പിടിച്ചെടുത്തിട്ടുണ്ട്. 2025 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം ലഹരി ഉപയോഗത്തിനെതിരെ ഡി ഹണ്ടിലൂടെ മാത്രം 956 കുട്ടികളെയും 3993 മുതിര്‍ന്നവരെയുമാണ് കൗണ്‍സിലിങ്ങിന് അയച്ചത്. 21 കുട്ടികളെയും, 836 മുതിര്‍ന്നവരെയും റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
2024ൽ മൂന്ന് തവണയാമ് ഓപ്പറേഷന് ഡി ഹണ്ട് നടത്തിയത്. സംസ്ഥാനത്തെ മയക്കുമരുന്ന് വിൽപ്പനയെ ചെറുക്കുന്നതിന് ഓപ്പറേഷന് ഡി ഹണ്ടിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഓണാവധിക്കാലം ഉള്‍പ്പെടെ മുന്നില്‍ കണ്ട് പ്രത്യേക ഡി ഹണ്ടിലൂടെ ഡ്രൈവുകള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.