തൃശൂർ: കമിതാക്കൾ തമ്മിൽ പിരിഞ്ഞതോടെ പുറത്തറിഞ്ഞത് നവജാത ശിശുക്കളുടെ കൊലപാതകം. ഫേസ്ബുക്ക് വഴി 2020ൽ ആണ് ഭവിൻ അനീഷയെ പരിചയപ്പെടുന്നത്. 2021 നവംബർ ആറിന് പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിൽ വച്ചാണ് ആദ്യ പ്രസവം നടന്നത്. ആദ്യ പ്രസവത്തിലെ ആൺ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയിരുന്നതായും ഇതേ തുടർന്ന് മരിച്ചിരുന്നതുമായാണ് അനീഷ പോലീസിനോട് പറഞ്ഞത്.
വീട്ടുവളപ്പിൽ താൻ തന്നെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടെന്നും അനീഷ പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ അസ്ഥി കടലിൽ നിമജ്ജനം ചെയ്യാനെന്ന് പറഞ്ഞ് എട്ട് മാസത്തിന് ശേഷം ഭവിൻ അസ്ഥികൾ വാങ്ങി. എന്നെങ്കിലും പിരിയുന്ന സാഹചര്യം വന്നാൽ അനീഷയെ ഭീഷണിപ്പെടുത്താനാണ് ഭവിൻ അസ്ഥികൾ ശേഖരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
രണ്ടാമത്തെ ആൺകുഞ്ഞിനും അനീഷയുടെ വീട്ടിൽവച്ചാണ് ജന്മം നൽകിയത്. 2024 ഏപ്രിൽ 29ന് ആണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞും പ്രസവത്തിൽ മരിച്ചെന്നാണ് അനീഷ ഭവിനെ അറിയിച്ചത്. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സ്കൂട്ടറിൽ ഭവിന്റെ വീട്ടിലെത്തിച്ചു. ആമ്പല്ലൂരിലെ വീടിന് സമീപത്താണ് രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്.
ജനിച്ചയുടൻ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തിപ്പിടിച്ചതിനെത തുടർന്ന് കുഞ്ഞ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് അനീഷ പോലീസിനോട് പറഞ്ഞത്. ലാബ് ടെക്നീഷ്യനായാണ് അനീഷ ജോലി ചെയ്യുന്നത്. കുറച്ച് കാലമായി ഭവിനുമായി അകൽച്ചയിലായ യുവതി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് ഭവിൻ സംശയിച്ചിരുന്നു.
ഇതേ തുടർന്ന് ഭവിൻ യുവതിയെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. അനീഷയെ ശനിയാഴ്ച രാത്രി ഫോൺ ചെയ്തപ്പോൾ നമ്പർ ബിസി ആയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിൽ ആയിരുന്ന ഭവിൻ വീട്ടിൽ സൂക്ഷിച്ചിരുന്ന അസ്ഥി ബാഗിലാക്കി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി.
യുവതിയെയും യുവാവിനെയും തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ, ചാലക്കുടി ഡിവൈഎസ്പി ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ അസ്ഥികൾ രണ്ട് കുഞ്ഞുങ്ങളുടേതാണെന്ന് സ്ഥിരീകരിച്ചു.
ഇരുവരും മരിച്ചത് തങ്ങളുടെ കുഞ്ഞുങ്ങൾ തന്നെയാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥികൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്നാണ് എസ്പി വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രസവത്തെക്കുറിച്ചും ഇവരുടെ ബന്ധത്തെക്കുറിച്ചും വീട്ടുകാർക്ക് അറിവുണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









