കൊച്ചി: ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ, തരുണ്‍മൂര്‍ത്തി സിനിമ 'തുടരും'. അതിനിടെയാണ് പ്രേക്ഷകരേയും അണിയറ പ്രവര്‍ത്തകരേയും ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്ത് വരുന്നത്. സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചു എന്നതാണത്. സിനിമ ബസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും ചെയ്തിട്ടുണ്ട്.
വാഗമണ്ണിലേക്ക് വിനോദസഞ്ചാരത്തിന് പോയ ബസ്സില്‍ ആണ് തുടരും സിനിമയുടെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിച്ചത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള കെഎല്‍ 02 എഇ 334 എന്ന ടൂറിസ്റ്റ് ബസ്സില്‍ ആണ് സിനിമ പ്രദര്‍ശിപ്പിച്ചത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. ബസ്സില്‍ ഉള്ളവരല്ല ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ബസ്സിന് അടുത്തുകൂടി കടന്നു പോയ മറ്റ് വാഹനങ്ങളില്‍ നിന്നുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇത്തരത്തില്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ് ബസ്സ് എന്നാണ് മനസ്സിലാക്കുന്നത് എന്നാണ് രഞ്ജിത് പറയുന്നത്. വ്യാജപതിപ്പിന്റെ പ്രദര്‍ശനം സിനിമാക്കാരേയും തീയേറ്ററുകാരേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് ആണ് സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. കെആര്‍ സുനിലിനൊപ്പം തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ രചന. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. അന്തരിച്ച നിഷാദ് യൂസഫ് ആയിരുന്നു സിനിമയുടെ എഡിറ്റര്‍. ബാക്കി ഭാഗങ്ങള്‍ ഷെഫീഖ് വിബി ആണ് എഡിറ്റ് ചെയ്തത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രകാശ് വര്‍മയാണ് സിനിമയില്‍ പ്രധാന വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. പ്രകാശ് വര്‍മയുടെ പ്രകടനം പ്രേക്ഷക, നിരൂപക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച സിനിമ എന്ന പ്രത്യേകതയും 'തുടരും' സിനിമയ്ക്കുണ്ട്.
ഒമ്പത് ദിവസം പിന്നിടുമ്പോഴേക്കും സിനിമ ആഗോള കളക്ഷന്‍ 160 കോടി മറികടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ മോഹന്‍ലാലിന്റെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് സിനിമ ആണ് തുടരും. എമ്പുരാന്‍ നേരത്തേ 265 കോടി രൂപയാണ് ഗ്രോസ്സ് കളക്ഷന്‍ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









