ഓൺലൈൻ തട്ടിപ്പിലൂടെ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. തൃശൂരാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂര്‍, കൊളത്തറ സ്വദേശിയായ ഫെമീന എന്ന യുവതിയാണ് പിടിയിലായത്. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. ആദിത്യ ബിര്‍ള മണി ലിമിറ്റഡിന്റെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. ഒരു മാസം കൊണ്ടാണ് യുവതി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ലാഭവിഹിതം ലഭിക്കാന്‍ കമ്പനിയെ സമീപിച്ചപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് കള്ളി വെളിച്ചത്തായത്.
തുടര്‍ന്ന് കാട്ടൂര്‍ പൊലീസില്‍ റിട്ട. അധ്യാപകൻ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എന്നാല്‍ പണം തട്ടിയെടുത്ത സംഘം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായുള്ള വിവിധ ആളുകളുടെ അക്കൗണ്ടുകളിലേക്ക് അയക്കുകയും അവരെക്കൊണ്ട് പണം പിന്‍വലിപ്പിക്കുകയും ചെയ്തതായി പൊലിസ് കണ്ടെത്തി. ഇത്തരത്തില്‍ ഏഴര ലക്ഷം രൂപ പിന്‍വലിക്കപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവതിയാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായ ഫെമീനയുടെ അക്കൗണ്ടിലേക്കെത്തിയ പണം ബന്ധുവായ ഒരാള്‍ക്കാണ് ഫെമിന ബാങ്കില്‍നിന്നും എടുത്ത് നല്‍കിയത്. ഇതിനായി 5000 രൂപ കമ്മിഷന്‍ കൈപറ്റുകയും ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനാണ് ഫെമിനയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
പരാതിക്കാരന്‍ ഗ്രോവാപ്പ് വഴി ഓണ്‍ലൈന്‍ ട്രേഡിങ്ങ് നടത്തി വരവെ 2024 നവംബര്‍ മാസത്തില്‍ ഒരു ദിവസം ആദിത്യ ബിര്‍ള മണി ലിമിറ്റഡ് എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഷെയേഴ്‌സ് ആന്‍ഡ് ഐ.പി.ഒ. ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ പരാതിക്കാരന്റെ വാട്‌സാപ്പിലേക്ക് വന്ന ലിങ്ക് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ആദിത്യ ബിര്‍ള വെല്‍ത്ത് അപ്രിക്കേഷന്‍ ക്ലബ് എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുകയും ചെയ്തു. ഈ ഗ്രൂപ്പിലൂടെയും മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചും ഓണ്‍ലൈന്‍ ട്രേഡിങ്ങ് നടത്തിയാല്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന് പ്രതികള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.









