close

News WrapGet Handpicked Stories from our editors directly to your mailbox

ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.

Updated: Aug 11, 2017, 05:50 PM IST
ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ഡല്‍ഹി: ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.

ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്.

പെട്രോള്‍, ഡീസല്‍ വില ഓരോദിവസവും പുനഃക്രമീകരിക്കുന്നത് ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കൈയടി നേടി. 

ആഗോളവിപണിയില്‍ അല്‍പ്പം ഇടിവുവന്നപ്പോഴാണ് പ്രതിദിന വിലമാറ്റം കൊണ്ടുവന്നത് . ഇതിന്‍റെ ഫലമായി ജൂണ്‍ 16 മുതല്‍ തുടര്‍ച്ചയായി രണ്ടാഴ്ച വില കുറഞ്ഞുകൊണ്ടിരുന്നു. ഉപഭോക്താക്കള്‍ക്കുള്ള നേട്ടമായി എണ്ണക്കമ്പനികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 

എന്നാല്‍, ജൂലായ് നാലുമുതല്‍ ദിവസവും അഞ്ചും പത്തും പൈസവീതം വില ഉയരാന്‍ തുടങ്ങി. വ്യാഴാഴ്ച 66.96 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ജൂലായ് നാലിന് ഇത് 63.08 രൂപയായിരുന്നു. ഡീസലിന് ജൂലായ് നാലിന് 53.44 രൂപയായിരുന്നത് ഇപ്പോള്‍ 56.81 രൂപയുമായി.

രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരുമാസത്തിനിടെ മൂന്നരരൂപ കൂടിയത് അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമാകും.

 

പെട്രോള്‍, ഡീസല്‍ വിലയിലെ മാറ്റം (ഡല്‍ഹി)

ജൂണ്‍ 16 പെട്രോള്‍ 65.48, ഡീസല്‍ 54.49

ജൂലായ് 4 പെട്രോള്‍ 63.08, ഡീസല്‍ 53.44

ഓഗസ്റ്റ് 10 പെട്രോള്‍ 66.96, ഡീസല്‍ 56.81

2013-14ല്‍ അസംസ്‌കൃത എണ്ണവില 110 ഡോളര്‍, ഇന്ത്യയില്‍ പെട്രോള്‍ 70, ഡീസല്‍ 50

2017ല്‍ അസംസ്‌കൃത എണ്ണവില 51.60 ഡോളര്‍, പെട്രോള്‍ 66.96, ഡീസല്‍ 56.81